ആറ് മത്സരങ്ങളില്‍ അഞ്ച് വിജയവുമായി പത്ത് പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടീം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും ഇതേ പോയിന്റാണെങ്കിലും റണ്‍റേറ്റിന്റെ ബലത്തില്‍ ചെന്നൈ മുന്നിലെത്തുകയായിരുന്നു.
ഐപിഎല്‍ 2020 ചെന്നൈ മറക്കാനാഗ്രഹിക്കുന്ന ഒരു സീസണായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ഒരു ഘട്ടത്തിലും ടീം സെറ്റാകാതിരുന്നപ്പോള്‍ അവസാന ചില മത്സരങ്ങളിലെ പ്രകടനം ടീമിനെ അവസാന സ്ഥാനത്ത് നിന്ന് മോചനം നല്‍കുകയായിരുന്നു.
ആ പ്രകടനത്തില്‍ നിന്ന് ഇന്ന് ഒട്ടേറെ മാറ്റങ്ങള്‍ വന്നതിന് പലതാണ് കാരണമെന്നാണ് എംഎസ് ധോണി വ്യക്തമാക്കിയത്. കഴിഞ്ഞ തവണ 5-6 മാസം ക്രിക്കറ്റിന് പുറത്ത് നിന്ന ശേഷമാണ് താരങ്ങളെത്തിയതെന്നും അതുമായി ഒത്തുപോകുവാന്‍ ചെന്നൈ താരങ്ങള്‍ക്ക് ഏറെ സമയം എടുത്തുവെന്നാണ് താന്‍ കരുതുന്നതെന്ന് ധോണി പറഞ്ഞു.
ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് ക്വാറന്റീന്‍ സമയം ആണെന്നുള്ളതും ഒരു ഘടകമാണെന്ന് ധോണി പറഞ്ഞു. കഴിഞ്ഞ വര്‍ഷം സ്വയം പരിശീലനം പോലും സാധിച്ചിരുന്നില്ലെന്ന് ധോണി വ്യക്തമാക്കി.