ചിന്നസ്വാമി സ്റ്റേഡിയത്തൽ റൺ മല തീര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് നേടിയത്. ഡെവൺ കോൺവേയും ശിവം ഡുബേയും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ചെന്നൈയ്ക്ക് മികച്ച സ്കോര്‍ നൽകിയത്.
തുടക്കത്തിൽ തന്നെ റുതുരാജ് ഗായക്വാഡിനെ നഷ്ടമായ ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഡെവൺ കോൺവേയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു. 74 റൺസാണ് ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്.
20 പന്തിൽ 37 റൺസ് നേടിയ അജിങ്ക്യ രഹാനെയെ വനിന്‍ഡു ഹസരംഗയാണ് പുറത്താക്കിയത്. പിന്നീട് ശിവം ഡുബേയ്ക്കൊപ്പം കോൺവേ 80 റൺസ് കൂടി മൂന്നാം വിക്കറ്റിൽ നേടി.
45 പന്തിൽ 6 വീതം ഫോറും സിക്സും നേടി കോൺവേ 83 റൺസാണ് നേടിയത്. കോൺവേ പുറത്തായ ശേഷവും വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന ഡുബേ 27 പന്തിൽ 52 റൺസ് നേടി പുറത്താകുകയായിരുന്നു. മോയിന്‍ അലി(9 പന്തിൽ പുറത്താകാതെ 19), രവീന്ദ്ര ജഡേജ(10), അമ്പാട്ടി റായിഡു(6 പന്തിൽ 14) എന്നിവരുടെ അവസാന ഓവറുകളിലെ പ്രകടനം ചെന്നൈയെ 226/6 എന്ന സ്കോറിലേക്ക് എത്തിച്ചു.