സഞ്ജു സാംസൺ ഇന്നലെ ഔട്ട് ആയ വിഷയത്തിൽ തേർഡ് അമ്പയറെ വിമർശിച്ച് മുൻ ഇംഗ്ലീഷ് താരം പോൾ കോളിംഗ്വൂഡ്. തേർഡ് അമ്പയർ മൈക്കൽ ഗോഫിന് കുറച്ച് ആങ്കിളുകൾ കൂടി പരിശോധിക്കാമായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ബാറ്റർ പറഞ്ഞു. ഷായ് ഹോപ്പ് എടുത്ത വിവാദ ക്യാച്ചിൻ്റെ റീപ്ലേകൾ പെട്ടെന്ന് തന്നെ പരിശോധിച്ച് അമ്പയർ വിധി പറയുക ആയിരുന്നു. ആ വിധി വലിയ വിവാദം ആവുകയും ചെയ്തു.
“ഗൗഗി (മൈക്കൽ ഗോഫ്) എൻ്റെ വളരെ നല്ല സുഹൃത്താണ്. അദ്ദേഹത്തിന് മറ്റൊരു ആംഗിൾ നൽകാമായിരുന്നു, രണ്ടുതവണ പരിശോധിക്കാമായിരുന്നു. കാരണം ബൗണ്ടറിലൈൻ അത്ര ക്ലോസ് അടുത്തായിരുന്നു. ആ തീരുമാനങ്ങളും ആ നിമിഷങ്ങളും വലിയ മാറ്റമുണ്ടാക്കുന്നു. അതിനാൽ അദ്ദേഹത്തിന് തീരുമാനം എടുക്കാൻ കുറച്ചുകൂടി സമയം എടുക്കാമായുരുന്നു”കോളിംഗ്വുഡ് സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
“ഐപിഎല്ലിൽ സംഘാടകർ കാര്യങ്ങൾ വേഗത്തിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്കറിയാം, തീരുമാനങ്ങൾ വേഗത്തിലാക്കണമെന്ന് അവർ അമ്പയർമാരോട് പറയുന്നു. എന്നാൽ വേറെ ഒന്നുരണ്ടു ആങ്കിളുകൾ കൂടി നോക്കി ഇരുന്നു എങ്കിൽ എല്ലാവർക്കും വ്യക്തത വരുമായിരുന്നു. അതായിരുന്നേനെ ഏറ്റവും നല്ല മാർഗം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ 86 റൺസ് എടുത്ത് നിൽക്കെ ആണ് സഞ്ജു സാംസൺ പുറത്തായത്. ഇതിനു പിറകെ രാജസ്ഥാൻ തകരുകയും അവർക്ക് വിജയം നഷ്ടമാവുകയുമായിരുന്നു.