ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഷെയിന്‍ വാട്സണും ഫാഫ് ഡു പ്ലെസിയും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 20 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് ടീം നേടിയത്. എംഎസ് ധോണിയില്ലാതെ കളത്തിലിറങ്ങിയ ചെന്നൈ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പന്ത് വ്യത്യാസത്തില്‍ ഓപ്പണര്‍മാര്‍ രണ്ട് പേരും പുറത്തായതോടെ മത്സരത്തില്‍ സണ്‍റൈസേഴ്സ് പിടി മുറുക്കുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 79 റണ്‍സ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയ ശേഷം 10ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഷഹ്ബാസ് നദീം ആണ് ഷെയിന്‍ വാട്സണെ പുറത്താക്കിയത്. 29 പന്തില്‍ നിന്ന് 31 റണ്‍സാണ് താരം നേടിയത്. മൂന്ന് പന്തുകള്‍ക്ക് ശേഷം അടുത്ത ഓവറില്‍ ഫാഫ് ഡു പ്ലെസിയെ പുറത്താക്കി വിജയ് ശങ്കര്‍ മത്സരം ചെന്നൈയില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. 31 പന്തില്‍ 45 റണ്‍സ് നേടി മൂന്ന് വീതം സിക്സും ഫോറും നേടി ഹൈദ്രാബാദിനു അപകടമായി തീരുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് വിജയ് ശങ്കര്‍ ഡു പ്ലെസിയെ പുറത്താക്കിയത്.
പിന്നീടുള്ള ഓവറുകളില്‍ സുരേഷ് റെയ്‍നയെയും(13) കേധാര്‍ ജാഥവിനെയും(1) റഷീദ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. ഇരുവരും തീരുമാനം റിവ്യൂ ചെയ്തുവെങ്കിലും അനുകൂല വിധി സമ്പാദിക്കുവാന്‍ ആയില്ല. ഖലീല്‍ അഹമ്മദിന്റെ ഓവറില്‍ സാം ബില്ലിംഗ്സ് പൂജ്യത്തിനു പുറത്തായതോടെ ചെന്നൈ 14.4 ഓവറില്‍ 101/5 എന്ന നിലയിലായി.
ആറാം വിക്കറ്റില്‍ 31 റണ്‍സ് നേടിയ റായിഡു-രവീന്ദ്ര ജഡേജ കൂട്ടുകെട്ടാണ് ടീമിനെ 132 റണ്‍സിലേക്ക് എത്തിച്ചത്. റായിഡു 21 പന്തില്‍ നിന്ന് 25 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 10 റണ്‍സ് നേടി. സണ്‍റൈസേഴ്സിനു വേണ്ടി നാലോവറില്‍ വെറും 17 റണ്‍സ് വിട്ട് നല്‍കിയ റഷീദ് ഖാന്‍ ആണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഖലീല്‍ അഹമ്മദ്, ഷഹ്ബാസ് നദീം, വിജയ് ശങ്കര്‍ എന്നിവരാണ് വിക്കറ്റ് നേടിയ മറ്റു ബൗളര്‍മാര്‍.