ക്യാപ്റ്റന്‍സി പ്രയാസമുള്ള കാര്യമല്ല, കാരണം സഹായത്തിനു അനുഭവസമ്പത്തുള്ള താരങ്ങള്‍ ചുറ്റുമുണ്ട്

Sports Correspondent

സണ്‍റൈസേഴ്സിനെ നയിക്കുക എന്ന കാര്യം പ്രയാസമുള്ള കാര്യമല്ലെന്ന് പറഞ്ഞ് ഭുവനേശ്വര്‍ കുമാര്‍. ക്യാപ്റ്റന്‍സ് അത്ര എളുപ്പമാണെന്നല്ല താന്‍ പറയുന്നത് എന്നാല്‍ ചുറ്റും അനുഭവ സമ്പത്തുള്ള താരങ്ങളുള്ളതിനാല്‍ തന്നെ അത് അത്ര പ്രശ്നമുള്ള കാര്യമല്ല. മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ബാറ്റിംഗ് പരാജയം ടീമിന്റെ ആകെയുള്ള ഉത്തരവാദിത്വമില്ലായ്മയാണെന്നും ഭുവി പറഞ്ഞു. ആദ്യ മത്സരങ്ങളിലെല്ലാം ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച് നിന്നപ്പോള്‍ ടീമിന്റെ മധ്യനിര പരീക്ഷിക്കപ്പെട്ടില്ല. എന്നാല്‍ അതിനൊരു സാഹചര്യമുണ്ടായപ്പോള്‍ ബാറ്റിംഗ് നിര പരാജയമാവുകയും ചെയ്തുവെന്ന് ഭുവി പറഞ്ഞു.

അത്ര പ്രയാസകരമായ ചേസിംഗല്ലായിരുന്നു മുംബൈയ്ക്കെതിരെ ടീമംഗങ്ങള്‍ ശ്രദ്ധ ചെലുത്താത്തിന്റെ കുറവാണ് ബാറ്റിംഗില്‍ കണ്ടത്. അടുത്ത മത്സരത്തിനു മുമ്പ് ഈ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുന്നതിനാവും ടീം ശ്രദ്ധ ചെലുത്തുകയെന്നും ഭുവി വ്യക്തമാക്കി.