ഇവനെ പടച്ചുവിട്ട കടവുൾക്ക് പത്തിൽ പത്ത് എന്ന സിനിമാഗാനത്തിന്റെ വരികൾ ജോസ് ബട്ലർ എന്ന മഹത്തായ ക്രിക്കറ്ററുടെ പേരിനൊപ്പം പാടാം. അത്രക്ക് ഭയങ്കരമായ ഇന്നിംഗ്സ് ആയിരുന്നു ജോസ് ബട്ട്ലർ ഇന്ന് കളിച്ചത്. 224 എന്ന കൂറ്റൻ സ്കോർ ഒറ്റയ്ക്ക് നിന്ന് ചെയ്സ് ചെയ്ത് ജയിപ്പിച്ച ഹീറോ. പറയാനും എഴുതാനും വാക്കുകൾ ഇല്ലാത്ത പ്രകടനം. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്സ് ആണ് ഇന്ന് കാണാൻ ആയത്.
60 പന്തിൽ നിന്ന് 107 റൺസ് എടുത്ത് പുറത്താകാതെ നിന്നാണ് ബട്ട്ലർ രാജസ്ഥാനെ ജയത്തിൽ എത്തിച്ചത്. അതും പൂർണ്ണമായി ഫിറ്റ് അല്ലാതിരുന്നിട്ടും. അവസാനം റൺ എടുക്കാനായി ഓടാൻ പോലും ബട്ട്ലറിനാകുന്നുണ്ടായിരുന്നില്ല. 6 സിക്സും 9 ഫോറും ആണ് ബട്ട്ലർ ഇന്ന് അടിച്ചത്.
റോമൻ പവൽ ഔട്ട് ആകുമ്പോൾ 16.5 ഓവറിൽ 178-7 എന്ന നിലയിൽ ആയിരുന്നു. 19 പന്തിൽ 46 ജയിക്കാൻ വേണമായിരുന്നു. ബാറ്റർമാർ എല്ലാം പുറത്തായ സമയം. ബട്ട്ലർ ഒറ്റയ്ക്ക് നിന്ന് പൊരുതി. ബാക്കി 46 റൺസും ബട്ലർ ഒറ്റയ്ക്ക് ആയിരുന്നു നേടിയത്. വേറെ ആർക്കും ബട്ടലർ സ്ട്രൈക്ക് കൊടുത്തില്ല. ഇങ്ങനെ ഒരു ചെയ്സ് ആര് നടത്തും എന്ന് തോന്നിപ്പോയ ഇന്നിംഗ്സ്.
ബട്ട്ലർ ഇന്നിംഗ്സിന്റെ പകുതിയോളം സമയം നല്ല ടച്ഛിൽ അല്ല എന്നാണ് തോന്നിയത്. എന്നിട്ടും ബട്ലറിന് അവസാനം താൻ ആരാണെന്ന് കാണിക്കാൻ ആയി. ഈ സീസണിലെ ബട്ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്.