കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഹാരി ബ്രൂക്കും എയ്ഡന്‍ മാര്‍ക്രവും നേടിയ വെടിക്കെട്ട് പ്രകടനങ്ങളുടെ മികവിലാണ് സൺറൈസേഴ്സ് 228/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 55 പന്തിൽ നിന്നാണ് ഹാരി ബ്രൂക്ക് തന്റെ ശതകം പൂര്‍ത്തിയാക്കിയത്.
ഈ സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് സൺറൈസേഴ്സ് തങ്ങളുടെ ഈ മത്സരത്തിൽ നേടിയത്. ഹാരി ബ്രൂക്ക് മിന്നും തുടക്കം ടീമിന് നൽകിയപ്പോള്‍ ആദ്യ വിക്കറ്റിൽ 46 റൺസാണ് പിറന്നത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 65 റൺസ് നേടിയ സൺറൈസേഴ്സിന് 2 വിക്കറ്റുകളാണ് നഷ്ടമായത്. മയാംഗ് അഗര്‍വാളിന്റെയും രാഹുല്‍ ത്രിപാഠിയുടെയും വിക്കറ്റുകളാണ് സൺറൈസേഴ്സിന് നഷ്ടമായത്. ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ആന്‍ഡ്രേ റസ്സലാണ് കൊൽക്കത്തയ്ക്ക് മത്സരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത്.
എന്നാൽ മാര്‍ക്രം ക്രീസിലെത്തിയ ശേഷം സൺറൈസേഴ്സ് കൂടുതൽ അപകടകരമായി ബാറ്റ് വീശുന്നതാണ് കണ്ടത്. 25 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റ് പൂര്‍ത്തിയാക്കിയ എയ്ഡന്‍ മാര്‍ക്രം ആണ് കൂടുതൽ അപകടകാരിയായി ബാറ്റ് വീശിയത്. ഒരു ഫോറും സിക്സും നേടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി തൊട്ടടുത്ത പന്തിൽ താരം വരുൺ ചക്രവര്‍ത്തിയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ 47 പന്തിൽ നിന്ന് 72 റൺസാണ് മാര്‍ക്രം – ബ്രൂക്ക് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.
അഭിഷേക ശര്‍മ്മയും ഹാരി ബ്രൂക്കും ചേര്‍ന്ന് 72 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. അഭിഷേക് ശര്‍മ്മ 17 പന്തിൽ 32 റൺസ് നേടി റസ്സലിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സന്‍ 6 പന്തിൽ നിന്ന് 16 റൺസുമായി അവസാന ഓവറുകളിൽ ബ്രൂക്കിന് മികച്ച പിന്തുണ നൽകി.