ഇപ്പോൾ ടി20 ക്രിക്കറ്റിൽ ബൗളർമാർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമല്ല എന്ന് ആർ സി ബി ബൗളർ സിറാജ്. “ക്രിക്കറ്റിൻ്റെ നിലവാരം അങ്ങേയറ്റം ഉയർന്നിരിക്കുകയാണ്. ഓരോ രണ്ടാം ഗെയിമിലും ഐപിഎല്ലിൽ 250-260 എന്ന സ്‌കോറുകൾ നിങ്ങൾ കാണാറുണ്ട്. എന്നാൽ, മുൻകാലങ്ങളിൽ അങ്ങനെയായിരുന്നില്ല. വളരെ അപൂർവമായേ മുൻ സീസണുകളിൽ 250-ഓ അതിലധികമോ സ്‌കോർ ഞങ്ങൾ കണ്ടിട്ടുള്ളൂ. എന്നാൽ, ഇപ്പോൾ ഓരോ രണ്ടാം മത്സരത്തിലും ഒരു വലിയ സ്കോർ വരുന്നു,” സിറാജ് മാധ്യമങ്ങളോട് പറഞ്ഞു.
“ബൗളർമാർക്ക് ഒരു പിന്തുണയുമില്ല. ബൗണ്ടറികൾ ചെറുതാണ്. അതിലുപരി ഫ്ലാറ്റ് വിക്കറ്റുകളാണ്. പണ്ട് പുതിയ പന്തിൽ സ്വിംഗ് ഉണ്ടായിരുന്നു. അതും ഇപ്പോൾ നടക്കുന്നില്ല. കാര്യങ്ങൾ ഒരുപാട് മാറിയിരിക്കുന്നു. ബൗളർമാർക്ക്, കളി തുടരുക, അടി കിട്ടുക എന്നതാണ് മന്ത്രം,” സിറാജ് പറഞ്ഞു.
“എങ്കിലും ഞങ്ങൾ ബൗളർമാർ വിശ്വസിക്കണം. എന്നെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച്, ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. ഒരു മത്സരത്തിൽ എനിക്ക് അടി കിട്ടിയാൽ അടുത്ത മത്സരത്തിൽ എനിക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എപ്പോഴും തിരിച്ചുവരാൻ നോക്കുന്നു. ആ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കരുത്,” ആർസിബി ഫാസ്റ്റ് ബൗളർ പറഞ്ഞു.
“നല്ല പന്ത് എറിഞ്ഞിട്ടും അടി കിട്ടിയാൽ എനിക്ക് കുഴപ്പമില്ല, ടൂർണമെൻ്റിൽ ഞാൻ മോശമായി ബൗൾ ചെയ്തിട്ടില്ല. ഒരു ബൗളർ 40 റൺസ് വഴങ്ങുന്നത് ഇപ്പോൾ സാധാരണ നിലയിലായി. പണ്ട്, ‘അയ്യോ, അവൻ 4 ഓവറിൽ 40 റൺസ് തന്നു’ എന്ന മട്ടിലായിരുന്നു, പക്ഷേ, ഇപ്പോൾ 40 റൺസ് സാധാരണ കാര്യമായി.” സിറാജ് പറഞ്ഞു.