2010 ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങളായ മാർക്ക് ബൗച്ചറും റോബിൻ ഉത്തപ്പയും തന്നെ ഒരു പാഠം പഠിപ്പിച്ചുവെന്ന് ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ. 2010ൽ രണ്ട് മത്സരത്തിൽ മോശം പ്രകടനം പുറത്തെടുത്തതിന്റെ അടിസ്ഥാനത്തിൽ തനിക്ക് ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെട്ടുവെന്നും അശ്വിൻ പറഞ്ഞു. 2010ലെ ഐ.പി.എല്ലിൽ ടീമിൽ നിന്ന് പുറത്തുപോയത് തനിക്ക് മുഖത്തടിച്ചത് പോലെയായിരുന്നെന്നും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് തന്നോട് സംസാരിക്കുകയോ തന്നെ പിന്തുണക്കുകയോ ചെയ്തില്ലെന്നും അശ്വിൻ പറഞ്ഞു.
ടി20 പന്ത് എറിയാൻ ഫസ്റ്റ് ക്ലാസ് മത്സരത്തേക്കാൾ എളുപ്പമായിരുന്നെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ റോയൽ ചലഞ്ചേഴ്‌സിനെതിരായ ഒരു മത്സരത്തിൽ 14,16, 18, 20 ഓവറുകൾ എറിഞ്ഞ തന്നെ മാർക്ക് ബൗച്ചര്‍ റോബിൻ ഉത്തപ്പയും ചേർന്ന് തലങ്ങും വിലങ്ങും ശിക്ഷിച്ചെന്നും അശ്വിൻ പറഞ്ഞു. അന്ന് ലഭിച്ച അവസരങ്ങൾ ഒരു വെല്ലുവിളിയാണെന്ന് തന്റെ യുവത്വം തന്നോട് പറഞ്ഞില്ലെന്നും വിക്കറ്റ് നേടാനുള്ള അവസരമായാണ് ഞാൻ കരുതിയതെന്നും അശ്വിൻ പറഞ്ഞു.
ആ മത്സരത്തിൽ താൻ 40-45 റൺസ് വിട്ടുകൊടുക്കുകയും അടുത്ത മത്സരത്തിൽ സൂപ്പർ ഓവറിൽ ടീം തോൽക്കുകയും ചെയ്തതോടെ തൻ ടീമിൽ നിന്ന് പുറത്തുപോയെന്നും അശ്വിൻ പറഞ്ഞു. 2009ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടെ അരങ്ങേറ്റം നടത്തിയ അശ്വിൻ 7 സീസണുകൾ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.