ഇംഗ്ലണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഏറെ പ്രതിസന്ധിയിലായത് രാജസ്ഥാന്‍ റോയല്‍സാണ്. ജോസ് ബട്‍ലര്‍ തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നേരത്തെ മടങ്ങിയതോടെ താരത്തിനെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ടീമിനു ഉപയോഗിക്കാനായിരുന്നില്ല. ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെയുള്ള വിജയത്തോടെ ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും മടങ്ങുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് രാജസ്ഥാന്‍ വീഴുന്നത്.
രാജസ്ഥാനു വേണ്ടി ബെന്‍ സ്റ്റോക്സ് വലിയ പ്രഭാവം ഈ സീസണിലുണ്ടാക്കിയിട്ടില്ലെങ്കിലും ടീമിനു ഏറെ നഷ്ടം വരിക ജോഫ്ര ആര്‍ച്ചറുടെ അഭാവമാണ്. ബാറ്റ് കൊണ്ടും ബോള് കൊണ്ടും ടീമിനു പലപ്പോഴായി മികവാര്‍ന്ന പ്രകടനം പുറത്തെടുത്ത താരമാണ് ജോഫ്ര. വലിയ വിടവുകളാണ് ടീം നികത്തേണ്ടതെന്നാണ് സ്റ്റീവന്‍ സ്മിത്ത് അഭിപ്രായപ്പെട്ടത്. ഇഷ് സോധി, ലിയാം ലിവിംഗ്സ്റ്റണ്‍, ആഷ്ടണ്‍ ടര്‍ണര്‍ എന്നിവരാണ് ടീമിലുള്ള മറ്റു വിദേശ താരങ്ങള്‍. ഇതില്‍ ടര്‍ണര്‍ മൂന്ന് ഗോള്‍ഡന്‍ ഡക്കുകളാണ് ടൂര്‍ണ്ണമെന്റില്‍ കരസ്ഥമാക്കിയത്.
അതേ സമയം താന്‍ ടീമിന്റെ 13ാം മത്സരം വരെ കൂടെയുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ ലോകകപ്പ് ടീമില്‍ ഇടം പിടിച്ച സ്റ്റീവന്‍ സ്മിത്ത് പറഞ്ഞു. രാജസ്ഥാന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിനു ശേഷമാവും താന്‍ മടങ്ങുകയെന്നും സ്മിത്ത് പറഞ്ഞു. അതിനു മുമ്പ് ടീമിനു വേണ്ട വിജയങ്ങള്‍ നേടി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുവാന്‍ പറ്റുമോയെന്ന് താന്‍ ശ്രമിക്കുമെന്നും സ്റ്റീവന്‍ സ്മിത്ത് പറഞ്ഞു.