സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ തകര്‍ന്നടിഞ്ഞ് 29/5 എന്ന നിലയിലേക്ക് വീണ ഡൽഹിയെ133 റൺസിലെത്തിച്ച് അശുതോഷ് ശര്‍മ്മ – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട്. ഒരു ഘട്ടത്തിൽ 75ന് മേലെ സ്കോറിലേക്ക് പോലും ടീം എത്തില്ലെന്നാണ് ഏവരും കരുതിയതെങ്കിലും ഏഴാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 66 റൺസ് നേടിയത് ഡൽഹിയ്ക്ക് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായകരമായി.
ആദ്യ പന്തിൽ കരുൺ നായരെ നഷ്ടമായ ഡൽഹിയ്ക്ക് തുടരെയുള്ള ഓവറുകളിൽ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ടീം 29/5 എന്ന നിലയിലേക്ക് വീണു. ഡൽഹിയുടെ ആദ്യ മൂന്ന് വിക്കറ്റുകളും പാറ്റ് കമ്മിന്‍സ് ആണ് നേടിയത്.
ആറാം വിക്കറ്റിൽ 33 റൺസ് നേടി വിപ്‍രാജ് നിഗം – ട്രിസ്റ്റന്‍ സ്റ്റബ്സ് കൂട്ടുകെട്ട് ആണ് ഡൽഹിയെ മുന്നോട്ട് നയിച്ചത്. 18 റൺസ് നേടിയ വിപ്‍രാജ് റണ്ണൗട്ടായപ്പോള്‍ ഈ കൂട്ടുകെട്ട് തകരുകയായിരുന്നു.
15ാം ഓവറിൽ സീഷന്‍ അന്‍സാരിയെ രണ്ട് സിക്സുകള്‍ക്ക് പറത്തി അശുതോഷ് ശര്‍മ്മ ഡൽഹിയുടെ റൺ റേറ്റ് ഉയര്‍ത്തി. സ്റ്റബ്സും അശുതോഷും ചേര്‍ന്ന് ഡൽഹിയുടെ സ്കോര്‍ നൂറ് കടത്തിയപ്പോള്‍ ഈ കൂട്ടുകെട്ട് 66 റൺസാണ് ഏഴാം വിക്കറ്റിൽ നേടിയത്. .
അശുതോഷ് ശര്‍മ്മ 26 പന്തിൽ 41 റൺസ് നേടി പുറത്തായപ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്സ് 36 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു.