ഐപിഎൽ ലേലത്തിന്റെ രണ്ടാം ദിവസത്തിന്റെ അവസാന ഘട്ടത്തിൽ തങ്ങളുടെ സ്ക്വാഡ് പൂര്‍ത്തിയാക്കുവാനായി ഫ്രാഞ്ചൈസികള്‍ താരങ്ങളെ വാരിക്കൂട്ടിയപ്പോള്‍ മികച്ച ചില താരങ്ങളെ ടീമിലേക്ക് എത്തിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്.
3.40 കോടി രൂപയ്ക്ക് അന്‍ഷുൽ കാംബോജിനെ ടീമിലേക്ക് എത്തിച്ച ചെന്നൈ വിദേശ താരങ്ങളായ ജാമി ഓവര്‍ടണെയും നഥാന്‍ എല്ലിസിനെയും ടീമിലേക്ക് എത്തിച്ചു. 1.5 കോടിയുടെ അടിസ്ഥാന വിലയ്ക്കാണ് ഓവര്‍ടണെ ടീം സ്വന്തമാക്കിയത്.
30 ലക്ഷം രൂപ വിലയുണ്ടായിരുന്ന കാംബോജ് കഴിഞ്ഞ സീസണിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തിരുന്നു. ഇത് കൂടാതെ രഞ്ജിയിൽ ഒരിന്നിംഗ്സിൽ ഇന്ന് പത്ത് വിക്കറ്റ് പ്രകടനം നടത്തിയ താരം ദുലീപ് ട്രോഫിയിലെ പ്ലേയര്‍ ഓഫ് ദി സീരീസ് ആയിരുന്നു.
താരത്തിനായി ആദ്യം രംഗത്തെത്തിയത് ഡൽഹിയായിരുന്നുവെങ്കിലും പിന്നീട് ലേലം ചെന്നൈയും ലക്നൗവും തമ്മിലായി. ലക്നൗ പിന്മാറിയ ഘട്ടത്തിലാണ് മുംബൈ രംഗത്തെത്തിയത്. ഇതോടെ താരത്തിന്റെ വില 3 കോടി കടന്നു. അവസാനം 3.4 കോടി രൂപയ്ക്ക് താരത്തെ ചെന്നൈ സ്വന്തമാക്കി.
1.25 കോടി രൂപയുള്ള നഥാന്‍ എല്ലിസിനായി ചെന്നൈ 1.4 കോടി പറഞ്ഞപ്പോള്‍ പഞ്ചാബ് ആര്‍ടിഎം ഉപയോഗിക്കുകയായിരുന്നു. ചെന്നൈ വില 2 കോടിയായി ഉയര്‍ത്തിയപ്പോള്‍ പഞ്ചാബ് ആര്‍ടിഎം ഉപയോഗിക്കാതെ പിന്മാറി. ഇതോടെ താരം 2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് എത്തി.
ആന്‍ഡ്രേ സിദ്ധാര്‍ത്ഥ് (30 ലക്ഷം), വന്‍ഷ് ബേദി (55 ലക്ഷം), ശ്രേയസ്സ് ഗോപാൽ (30 ലക്ഷം), രാമകൃഷ്ണ ഘോഷ് (30 ലക്ഷം), കമലേഷ് നാഗര്‍കോടി (30 ലക്ഷം) മുകേഷ് ചൗധരി (30 ലക്ഷം) ഷൈഖ് റഷീദ് (30 ലക്ഷം) എന്നിവരെയാണ് ചെന്നൈ ഇന്നലെ സ്വന്തമാക്കിയ ചില താരങ്ങള്‍.