ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തിന് ശേഷം റണ്ണൊഴുക്ക് നിലച്ചുവെങ്കിലും ക്രീസിലെത്തിയ എബി ഡി വില്ലിയേഴ്സ് നേടിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 194 റണ്‍സിലേക്ക് നീങ്ങിയത്.
33 പന്തില്‍ നിന്ന് 73 റണ്‍സാണ് എബി ഡി വില്ലിയേഴ്സ് നേടിയത്. 49 പന്തില്‍ നിന്ന് 100 റണ്‍സ് കൂട്ടുകെട്ടാണ് എബി ഡി വില്ലിയേഴ്സും കോഹ്‍ലിയും ചേര്‍ന്ന് നേടിയത്. ഇതില്‍ 73 റണ്‍സും എബിഡിയുടെ സംഭാവനയായിരുന്നു.
ആദ്യ മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ആരോണ്‍ ഫിഞ്ച് ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ച തുടക്കമാണ് ആര്‍സിബിയ്ക്ക് നല്‍കിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 47 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
47 പന്തില്‍ നിന്ന് 67 റണ്‍സ് നേടി ശക്തി പ്രാപിക്കുകയായിരുന്നു ബാംഗ്ലൂരിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്തത് ആന്‍ഡ്രേ റസ്സല്‍ ആയിരുന്നു. 23 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിനെയാണ് ബാംഗ്ലൂരിന് നഷ്ടമായത്.
പത്തോവറില്‍ ബാംഗ്ലൂര്‍ 77 റണ്‍സ് നേടുകയായിരുന്നു. 37 പന്തില്‍ നിന്ന് 47 റണ്‍സാണ് ആരോണ്‍ ഫിഞ്ച് നേടിയത്. കോഹ്‍ലിയുമായി ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 27 റണ്‍സാണ് നേടിയത്. തന്റെ അര്‍ദ്ധ ശതകത്തോടടുത്തപ്പോള്‍ കണക്ട് ചെയ്യുവാന്‍ ബുദ്ധിമുട്ടുന്ന ആരോണ്‍ ഫിഞ്ചിനെയാണ് ക്രീസില്‍ കണ്ടത്.
എന്നാല്‍ ഫിഞ്ചിന്റെ പുറത്താകല്‍ ആര്‍സിബിയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു. പിന്നീട് ഷാര്‍ജ്ജയില്‍ എബി ഡി വില്ലിയേഴ്സിന്റെ വെടിക്കെട്ട് പ്രകടനമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് കാണാനായത്. 23 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച എബി ഡി വില്ലിയേഴ്സ് 5 ഫോറും 6 സിക്സുമാണ് നേടിയത്. അവസാന അഞ്ചോവറില്‍ നിന്ന് 83 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്. കൂടുതല്‍ സ്ട്രൈക്കും എബി ഡി വില്ലിയേഴ്സിന് ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഹ്‍ലി വിക്കറ്റുകള്‍ക്ക് ഇടയില്‍ ഓടിയത്. 19ാം ഓവറില്‍ മാത്രമാണ് കോഹ്‍ലി ഇന്നിംഗ്സിലെ തന്റെ ഏക ബൗണ്ടറി നേടിയത്.