ഐപിഎലില്‍ കൊൽക്കത്തയ്ക്കെതിരെ 198 റൺസ് എന്ന മികച്ച സ്കോര്‍ നേടി ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മന്‍ ഗിൽ 90 റൺസും സായി സുദര്‍ശന്‍ 52 റൺസും നേടിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജോസ് ബട്‍ലറും മികവ് പുലര്‍ത്തി. 3 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ഈ സ്കോര്‍ നേടിയത്.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി കരുതലോടെയുള്ള തുടക്കമാണ് ശുഭ്മന്‍ ഗില്ലും സായി സുദര്‍ശനും നൽകിയത്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 45 റൺസാണ് ഗുജറാത്ത് നേടിയത്. എന്നാൽ പവര്‍പ്ലേയ്ക്ക് ശേഷം ഇരു താരങ്ങളും സ്കോറിംഗ് വേഗത കൂട്ടിയപ്പോള്‍ പത്തോവറിൽ 89 റൺസാണ് ഗുജറാത്ത് നേടിയത്.
114 റൺസാണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റിൽ നേടിയത്. 36 പന്തിൽ 52 റൺസ് നേടിയ സായി സുദര്‍ശനെ പുറത്താക്കി റസ്സൽ ആണ് കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.
ഗില്ലിന് കൂട്ടായി എത്തിയ ജോസ് ബട്‍ലറും മികവുറ്റ ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ മികച്ച സ്കോറിലേക്ക് ഗുജറാത്ത് നീങ്ങി. രണ്ടാം വിക്കറ്റിൽ ഗിൽ – ബട്‍ലര്‍ കൂട്ടുകെട്ട് 58 റൺസ് കൂട്ടിചേര്‍ത്തപ്പോള്‍ ഗില്ലിനെ പുറത്താക്കി വൈഭവ് അറോറയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.
55 പന്തിൽ 90 റൺസ് നേടിയ ഗില്ലിന് ശതകം 10 റൺസ് അകലെ നഷ്ടമാകുകയായിരുന്നു. രാഹുല്‍ തെവാത്തിയ വേഗത്തിൽ പുറത്തായെങ്കിലും 9 പന്തിൽ നിന്ന് 21 റൺസ് നേടിയ ജോസ് ബട്‍ലര്‍ – ഷാരൂഖ് ഖാന്‍ കൂട്ടുകെട്ട് ഗുജറാത്തിനെ 198 റൺസിലേക്ക് എത്തിച്ചു. ബട്‍ലര്‍ 23 പന്തിൽ 41 റൺസും ഷാരൂഖ് ഖാന്‍ 5 പന്തിൽ 11 റൺസും നേടി പുറത്താകാതെ നിന്നു.