ഈ വർഷം അവസാനം നടക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിന് മുൻപ് ഇന്ത്യൻ ടീം ഗുജറാത്തിലെ അഹമ്മദാബാദിലെ മൊട്ടെറ സ്റ്റേഡിയത്തിൽ വെച്ച് പരിശീലനം നടത്തും. കഴിഞ്ഞ ദിവസം നടന്ന ബി.സി.സി.ഐ അപെക്സ് കൗൺസിൽ മീറ്റിംഗിലാണ് അഹമ്മദ്‌ബാദിലെ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീം പരിശീലനം നടത്തുമെന്ന കാര്യത്തിൽ തീരുമാനമായത്.
കഴിഞ്ഞ തവണ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ സ്വീകരണം വെച്ചത് ഈ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. അടുത്തിടെയാണ് 800 കോടി മുടക്കി മൊട്ടെറ സ്റ്റേഡിയം നവീകരിച്ചത്. ബെംഗളൂരുവിൽ കൊറോണ വൈറസ് ബാധ കൂടിയതോടെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വെച്ച് പരിശീലനം നടത്താനുള്ള സാധ്യത ഇല്ലാതായിരുന്നു. പരിശീലനത്തിന് എത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യവും മൊട്ടെറ സ്റ്റേഡിയത്തിൽ ലഭ്യമായതിനെ തുടർന്നാണ് പരിശീലനം അഹമ്മദാബാദിൽ നടത്താൻ ബി.സി.സി.ഐ തീരുമാനിച്ചത്.
കഴിഞ്ഞ മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവെച്ചതിന് ശേഷം ഇന്ത്യൻ ടീം പരിശീലനം നടത്തിയിട്ടില്ല. കൊറോണ വൈറസ് ബാധക്ക് ശേഷം ഇന്ത്യൻ ടീം കളിക്കുന്ന ആദ്യ മത്സരം കൂടിയാവും ഓസ്‌ട്രേലിയക്കെതിരായ പരമ്പര.