മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലി ഇന്ത്യയുടെ ബൗളിംഗ് നിരയെ പ്രശംസിച്ചു, പാകിസ്ഥാൻ പേസ് ഇതിഹാസങ്ങളായ വസീം അക്രം, ഷോയിബ് അക്തർ, വഖാർ യൂനിസ് എന്നിവരുമായി ബാസിത് ഇന്ത്യൻ ബൗളിംഗിനെ തുലനം ചെയ്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ 280 റൺസിൻ്റെ ആധിപത്യ വിജയത്തിനു പിന്നാലെ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ബംഗ്ലാദേശിൻ്റെ നാലാം ഇന്നിംഗ്‌സ് ചേസിൽ രവിചന്ദ്രൻ അശ്വിൻ്റെ നിർണായകമായ 6/88 എന്ന ബൗളിങ് ബാസിത് എടുത്തുകാണിച്ചു. ഷമി പോലും ഇല്ലാതെയാണ് ഇന്ത്യ ബൗളിംഗിൽ ഈ മികവ് കാണിക്കുന്നത് എന്നും ബാസിത് പറഞ്ഞു.
വരാനിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിൽ ഡൽഹി പേസർ മായങ്ക് യാദവിനെ ഇന്ത്യ കളിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. “മായങ്ക് യാദവിൻ്റെ ബൗൺസർ വളരെ അപകടകരമാണ്. ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരത്തിൽ അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” ബാസിത് കൂട്ടിച്ചേർത്തു.