വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയൻ വനിതാ ടീമിനെതിരെ ഇന്ത്യ വനിതകൾ മികച്ച സ്കോർ. നിശ്ചിത 48.5 ഓവറിൽ 330 റൺസ് നേടി ഓളൗട്ടായി. ഓസീസിന് മുന്നിൽ ഒരു വലിയ ലക്ഷ്യമാണ് ഇന്ത്യ വെച്ചിരിക്കുന്നത്.

ഇന്ത്യൻ ബാറ്റിംഗിന് നേതൃത്വം നൽകിയത് സ്മൃതി മന്ഥനയുടെ വെടിക്കെട്ട് പ്രകടനമാണ്. 66 പന്തിൽ നിന്ന് 9 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 121.21 സ്ട്രൈക്ക് റേറ്റിൽ താരം 80 റൺസ് നേടി. മന്ഥനക്ക് മികച്ച പിന്തുണ നൽകിക്കൊണ്ട് പ്രതിക റാവൽ 96 പന്തിൽ 10 ബൗണ്ടറികളും ഒരു സിക്സുമടക്കം 75 റൺസ് നേടി. ഇരുവരും ചേർന്ന് നേടിയ 155 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിന് ശക്തമായ അടിത്തറ നൽകിയത്.
മറ്റുള്ളവരിൽ ജെമീമ റോഡ്രിഗസ് (33), റിച്ച ഘോഷ് (32), ഹർലീൻ ഡിയോൾ (38), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (17 പന്തിൽ 22) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് നിർണ്ണായക സംഭാവനകൾ നൽകി.
ഓസ്‌ട്രേലിയക്ക് വേണ്ടി പേസ് ബൗളർ അന്നബെൽ സതർലാൻഡ് മികച്ച പ്രകടനം കാഴ്ചവെച്ചു. 40 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. സോഫി മോളിനെക്സ് മൂന്ന് വിക്കറ്റുകളും, മേഗൻ ഷട്ട്, ആഷ്‌ലി ഗാർഡ്‌നർ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.