വെസ്റ്റിൻഡീസിനെ എറിഞ്ഞിട്ട ഇന്ത്യ അവരുടെ രണ്ടാം ഇന്നിങ്സ് മികച്ച രീതിയിൽ തുടങ്ങി. ആക്രമിച്ചു കളിച്ച ഇന്ത്യൻ ഓപ്പണർമാർ 12 ഓവറിൽ 98 റൺസ് അടിച്ചു. 98-1 എന്ന നിലയിൽ ഇരിക്കെ മഴ വന്നതിനാൽ കളി നേരത്തെ ലഞ്ചിനു പിരിഞ്ഞു. അർധ സെഞ്ച്വറി നേടിയ രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് 44 പന്തിൽ നിന്ന് 57 റൺസ് എടുത്തു.
28 പന്തിൽ നിന്ന് 37 റൺസ് എടുത്ത ജയ്സ്വാളും റൺ ഒന്നും എടുക്കാതെ ഗില്ലുമാണ് ക്രീസിൽ ഉള്ളത്. ഇന്ത്യക്ക് ഇപ്പോൾ 281 റൺസിന്റെ ലീഡ് ഉണ്ട്. ഇന്ന് സിറാജിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വെസ്റ്റിൻഡീസിനെ 255 റൺസിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ പുറത്താക്കിയത്. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 438 റൺസ് നേടിയിരുന്നു.
ഇന്ന് മഴ മാറി നിന്ന ദിവസത്തിൽ ഇന്ത്യ ചെറിയ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കൊണ്ടേയിരുന്നു. 37 റൺസ് എടുത്ത അതിനസെയെ മുകേഷ് കുമാർ പുറത്താക്കി. പിറകെ വിക്കറ്റുകൾ തുടരെ വീണു. സിറാജ് 60 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി.
മുകേഷ് കുമാറും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തി. എത്രയും പെട്ടെന്ന് വെസ്റ്റിൻഡീസിനെ വീണ്ടും ബാറ്റു ചെയ്യിപ്പിക്കുക ആകും ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം.