കാൺബെറ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ T20I പരമ്പരയ്ക്ക് നിരാശാജനകമായ തുടക്കം. മഴയെ തുടർന്ന് ഒന്നാം മത്സരം 9.4 ഓവറിൽ ഉപേക്ഷിച്ചു. മഴ കളി തടസ്സപ്പെടുത്തുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന മികച്ച നിലയിലായിരുന്നു.

ആദ്യമേ മഴയെ തുടർന്ന് 18 ഓവറാക്കി ചുരുക്കിയ മത്സരം, പിന്നീട് ശക്തമായ രണ്ടാമത്തെ മഴ കാരണം പൂർണ്ണമായും ഉപേക്ഷിക്കാൻ അമ്പയർമാർ തീരുമാനിക്കുകയായിരുന്നു.ഇന്ത്യൻ താരങ്ങളുടെ പ്രകടനം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (Surya Kumar Yadav) ശുഭ്മാൻ ഗില്ലും (Shubman Gill) തകർപ്പൻ ഫോമിലായിരുന്നു.
സൂര്യകുമാർ യാദവ് വെറും 24 പന്തിൽ 39 റൺസ് നേടി, ഇതിൽ രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും ഉൾപ്പെടുന്നു. ശുഭ്മാൻ ഗിൽ 20 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്നു. ഒരു കൂറ്റൻ സിക്സറും നിരവധി ബൗണ്ടറികളും ഗിൽ നേടി. ഓപ്പണർ അഭിഷേക് ശർമ്മ 19 റൺസെടുത്ത് നഥാൻ എല്ലിസിന് വിക്കറ്റ് നൽകി മടങ്ങി.














