മൂന്ന് മേഖലകളിലും ഇംഗ്ലണ്ടിനെ കടത്തിവെട്ടുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത് – വിരാട് കോഹ്‍ലി

Sports Correspondent

ഇംഗ്ലണ്ടിനെ മൂന്ന് മേഖലകളിലും ബഹുദൂരം പിന്നിലാക്കുന്ന പ്രകടനം ആണ് അഹമ്മദാബാദിലെ രണ്ടാം ടി20യില്‍ ഇന്ത്യ പുറത്തെടുത്തതെന്ന് പറഞ്ഞ് നായകന്‍ വിരാട് കോഹ്‍ലി. അവസാന അഞ്ചോവറില്‍ വെറും 34 റണ്‍സ് മാത്രം വിട്ട് നല്‍കിയ ഇന്ത്യ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നുവെന്നും എല്ലാ താരങ്ങളും അവരുടെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം ആണ് പുറത്തെടുത്തതെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.

ബാറ്റിംഗ് രണ്ടാം ഇന്നിംഗ്സില്‍ അല്പം എളുപ്പമായിരുന്നുവെങ്കിലും പന്ത് ഇടയ്ക്ക് ഗ്രിപ്പ് ചെയ്യുന്നുണ്ടായിരുന്നുവെന്ന് കോഹ്‍ലി പറഞ്ഞു. ഈ പിച്ചില്‍ അരങ്ങേറ്റത്തില്‍ ഇത്തരം പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷന്റെ ഇന്നിംഗ്സ് ഏറെ പ്രശംസ അര്‍ഹിക്കുന്ന ഒന്നാണെന്ന് കോഹ്‍ലി പറഞ്ഞു. തന്റെ സ്വന്തം ശൈലിയില്‍ അശേഷം ഭയമില്ലാതെയാണ് താരം ബാറ്റ് വീശിയതെന്നും താരത്തിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് പ്രകടനം ആണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നും വിരാട് പറഞ്ഞു.