ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷനിലേക്ക് ഇംഗ്ലണ്ടിനെ ഓളൗട്ട് ആക്കാൻ ഇന്ത്യക്ക് ആയി. 319 റണ്ണിന് ആണ് ഇംഗ്ലണ്ട് ഓളൗട്ട് ആയത്. ഇന്ത്യ 126 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. ലഞ്ചിന് ശേഷം ആണ് ഇംഗ്ലണ്ട് പെട്ടെന്ന് തകർന്നത്.
അശ്വിൻ ഇല്ലാത്തതിനാൽ ഒരു ബൗളറുടെ കുറവ് ഇന്ത്യക്ക് ഉണ്ടായിട്ടും മികച്ച ബൗളിങ് കാഴ്ചവെക്കാൻ ഇന്ത്യക്ക് ആയി. ഇന്ന് രാവിലെ 31 പന്തിൽ നിന്ന് 18 റൺസ് എടുത്ത ജോ റൂട്ടിനെ ബുമ്ര പുറത്താക്കി. റൺ ഒന്നും എടുക്കാത്ത ബെയർസ്റ്റോയെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുരുക്കി.
ഇന്ത്യക്ക് ഏറ്റവും ഭീഷണിയായിരുന്ന ബെൻ ഡക്കറ്റിനെയും കുൽദീപ് ആണ് പുറത്താക്കിയത്. 151 പന്തിൽ നിന്ന് 153 റൺസ് എടുത്താണ് ഡക്കറ്റ് പുറത്തായത്. 2 സിക്സും 23 ഫോറും താരം അടിച്ചു. ലഞ്ചിനു പിരിയുമ്പോൾ സ്റ്റോക്സും ബെൻ ഫോക്സും ക്രീസിൽ ഉണ്ടായിരുന്നു. ലഞ്ചിനു ശേഷം ജഡേജയെ സിക്സ് പറത്താൻ ശ്രമിക്കവെ സ്റ്റോക്സ് പുറത്തായി. 41 റൺസ് ആണ് സ്റ്റോക്സ് എടുത്തത്.
തൊട്ടടുത്ത പന്തിൽ സിറാജ് ബെൻ ഫോക്സിനെ പുറത്താക്കി. അധികം വൈകാതെ ഹാർട്ലിയെ ജഡേജ പുറത്താക്കി. പിന്നാലെ ആൻഡേഴ്സന്റെ വിക്കറ്റ് സിറാജും പിഴുതു.
ഇന്ത്യക്ക് ആയി സിറാജ് 4 വിക്കറ്റും ജഡേജ, കുൽദീപ് എന്നിവർ രണ്ട് വിക്കറ്റും ബുമ്ര, അശ്വിൻ എന്നിവർ ഒരോ വിക്കറ്റും നേടി.