ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്കയെ 176ന് രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞിട്ട ഇന്ത്യക്ക് ജയിക്കാൻ 79 റൺസ് ആയിരുന്നു വേണ്ടത്. അത് ആക്രമിച്ചു കളിച്ച് തുടങ്ങിയ ഇന്ത്യ 12 ഓവറിലേക്ക് 3 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ 2 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1 എന്ന് സമനിലയിലാക്കി. നേരത്തെ ടി20 പരമ്പരയും 1-1 എന്ന സമനിലയിൽ അവസാനിച്ചിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.
79 പിന്തുടർന്ന ഇന്ത്യക്ക് ആയി ജെയ്സ്വാളും രോഹിതും അറ്റാക്ക് ചെയ്ത് കളിച്ചാണ് തുടങ്ങിയത്. 23 പന്തിൽ നിന്ന് 28 റൺസ് എടുത്ത ജയ്സ്വാൾ ഒരു കൂറ്റൻ അടിക്ക് ശ്രമിക്കവെ ബർഗറിന്റെ പന്തിൽ പുറത്തായി. പിന്നാലെ ഗിൽ 10 റൺ എടുത്ത് റബാദയുടെ പന്തിലും പുറത്തായി. 16 റൺസ് എടുത്ത് കോഹ്ലി പുറത്താകുമ്പോൾ ഇന്ത്യക്ക് ജയിക്കാൻ 4 റൺസ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. 17 റൺസ് എടുത്ത രോഹിതും 4 റൺസ് എടുത്ത ശ്രേയസും ചേർന്ന് ഇന്ത്യയെ എളുപ്പത്തിൽ വിജയത്തിൽ എത്തിച്ചു. ആകെ 107 ഓവർ മാത്രമെ ഈ ടെസ്റ്റ് നീണ്ടു നിന്നുള്ളൂ. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരമായി ഇതോടെ ഇത് മാറി.
ഇന്ന് രാവിലെ 62-3 എന്ന നിലയിൽ ദിനം ആരംഭിച്ച ദക്ഷിണാഫ്രിക്ക ബുമ്രയുടെ ബൗളിംഗിന് മുന്നിൽ തുടക്കത്തിൽ തകർന്നു. ഇന്നലെ ഒരു വിക്കറ്റ് എടുത്ത ബുമ്ര ഇന്ന് തുടർച്ചയായ ഇടവേളകളിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റുകൾ വീഴ്ത്തി. മർക്രം ഒരു വശത്ത് പിടിച്ചു നിന്നത് ഒഴിച്ചാൽ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ബാറ്റർക്കും തിളങ്ങാൻ ആയില്ല.
ഇന്ന് ഒറ്റയ്ക്ക് പൊരുതിയ മർക്രം 106 റൺസ് എടുത്താണ് പുറത്തായത്. മക്രം 99 പന്തിൽ തന്നെ സെഞ്ച്വറി കടന്നു. ആകെ 103 പന്തിൽ 106 റൺ അദ്ദേഹം നേടി. 2 സിക്സും 17 ഫോറും മാക്രത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു. കെ എൽ രാഹുൽ ബുമ്രയുടെ പന്തിൽ മാക്രത്തിന്റെ ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. അവസാനം സിറാജ് ആണ് മാക്രത്തെ പുറത്താക്കിയത്. ഈ പരമ്പരയിൽ ഇത് മൂന്നാം തവണയാണ് മാക്രത്തെ രോഹിത് പുറത്താക്കുന്നത്. സിറാജിന് ഇന്ന് അധികം പന്ത് രോഹിത് നൽകാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി എന്ന് പറയാം.
ഇന്ത്യക്ക് ആയി ബുമ്ര ആറ് വിക്കറ്റും മുകേഷ് കുമാർ 2 വിക്കറ്റും വീഴ്ത്തി. സിറാജും പ്രസീദും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്ക 55 റണ്ണിന് ഓളൗട്ട് ആയിരുന്നു. ഇന്ത്യ 153 റണ്ണിനും പുറത്തായി.