ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ 5 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ കിരീടം നേടിയത്. ഈ ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കുന്നത്. പാകിസ്ഥാൻ ഉയർത്തിയ 147 എന്ന ലക്ഷ്യം ഇന്ത്യ 19.4 ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ചെയ്സ് ചെയ്തു.

ഇന്ത്യക്ക് ഈ ചെയ്സ് അത്ര എളുപ്പമായിരുന്നില്ല. ആദ്യ 20 റൺസ് എടുക്കുന്നതിന് ഇടയിൽ 3 വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ഗിൽ, അഭിഷേക് ശർമ്മ, സൂര്യകുമാർ എന്നിവർ നിരാശപ്പെടുത്തി. എന്നാൽ അതിനു ശേഷം സഞ്ജുവും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു.
സഞ്ജു 24 റൺസ് എടുത്ത് പുറത്തായി. പിന്നീട് ശിവം ദൂബെക്ക് ഒപ്പം ചേർന്ന് തിലക് വർമ്മ ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. തിലക് വർമ്മ 53 പന്തിൽ നിന്ന് 69 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ് സ്കോറർ ആയി. ശിവം ദൂബെ 33 റൺസും എടുത്തു. ദൂബെ ഒരു ഓവർ ബാക്കി നിൽക്കെ ആണ് ഔട്ട് ആയത്.
അവസാന ഓവറിൽ 10 റൺസ് ആയിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. ഹാരിസ് റഹൂഫ് ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ ഇന്ത്യ 2 റൺസ് നേടി. 5 പന്തിൽ 8 റൺസ്. രണ്ടാം പന്തിൽ സിക്സ് പറത്തി തിലക് വർമ്മ. പിന്നെ ജയിക്കാൻ വെറും 2 റൺസ്.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായിരുന്നു. ഇതോടെ ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയലക്ഷ്യമായി.

ടോസ് നേടിയ ഇന്ത്യൻ നായകൻ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ സാഹെബ്സാദ ഫർഹാനും ഫഖർ സമാനും ചേർന്ന് പാകിസ്താന് മികച്ച തുടക്കം നൽകി. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 84 റൺസ് കൂട്ടിച്ചേർത്തു. 38 പന്തിൽ 57 റൺസെടുത്ത ഫർഹാൻ അഞ്ച് ഫോറുകളും മൂന്ന് സിക്സറുകളും സഹിതം തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.
ഫഖർ സമാൻ 35 പന്തിൽ രണ്ട് ഫോറുകളും രണ്ട് സിക്സറുകളും അടക്കം 46 റൺസെടുത്ത് മികച്ച പിന്തുണ നൽകി.
വരുൺ ചക്രവർത്തിയുടെ പന്തിൽ തിലക് വർമ പിടിച്ച് ഫർഹാൻ പുറത്തായതോടെ മത്സരത്തിന്റെ ഗതി മാറി. തുടർന്ന് ഇന്ത്യൻ സ്പിൻ ത്രയങ്ങളായ കുൽദീപ് യാദവ്, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ പാകിസ്താന്റെ മധ്യനിരയെ വരിഞ്ഞുമുറുക്കി. 4 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ബൗളിംഗിൽ തിളങ്ങിയത്. സായിം അയൂബ്, സൽമാൻ ആഘ, കൂടാതെ രണ്ട് വാലറ്റക്കാരും കുൽദീപിന് മുന്നിൽ വീണു.
മികച്ച ലൈനുകളിൽ പന്തെറിഞ്ഞ അക്സർ പട്ടേൽ 26 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു, വരുൺ ചക്രവർത്തി 30 റൺസിന് 2 വിക്കറ്റുകൾ നേടി. പാകിസ്താന്റെ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയത് ചക്രവർത്തിയായിരുന്നു.
ഓപ്പണർമാർ നൽകിയ മികച്ച തുടക്കത്തിന് ശേഷം പാകിസ്താന്റെ വിക്കറ്റുകൾ അതിവേഗം നിലംപൊത്തി. സായിം അയൂബ് 11 പന്തിൽ 14 റൺസെടുത്ത് 113-ൽ പുറത്തായതോടെ ഇന്ത്യൻ സ്പിന്നിന് മുന്നിൽ മധ്യനിരയും വാലറ്റവും തകർന്നു. മുഹമ്മദ് ഹാരിസ്, സൽമാൻ ആഘ എന്നിവരുൾപ്പെടെയുള്ള മറ്റ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. 20-ാം ഓവറിലെ ആദ്യ പന്തിൽ 146-ൽ അവസാന വിക്കറ്റും വീണു.
സ്പിന്നർമാർ വരുത്തിയ നാശനഷ്ടങ്ങൾക്ക് ശേഷം കൃത്യമായ ബൗളിംഗിലൂടെ ജസ്പ്രീത് ബുംറ വാലറ്റത്തെ ചുരുട്ടിയെടുത്തു. 3.1 ഓവറിൽ 25 റൺസ് വഴങ്ങി ബുംറ 2 നിർണ്ണായക വിക്കറ്റുകൾ സ്വന്തമാക്കി.