ഇന്ത്യ-പാക് മത്സരം, കിട്ടിയ അപേക്ഷ 4 ലക്ഷം
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പില്‍ ജൂണ്‍ 16നു നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടി 4 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഐസിസി. മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കുറേ അധികം പേര്‍ക്ക് നിരാശരാകേണ്ടിവരുമെന്നാണ് ടൂര്‍ണ്ണമെന്റ് മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവ് എല്‍വര്‍ത്തി പറഞ്ഞത്. വെറും 25000 കാണികളെയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഉള്‍ക്കൊള്ളാനാകുന്നത്. ലഭ്യമായ സീറ്റിലും പതിന്മടങ്ങ് ആവശ്യക്കാരാണ് എത്തിയിരിക്കുന്നതെന്ന് പറഞ്ഞ് സ്റ്റീവ് ഫൈനലിനു 2.7 ലക്ഷത്തിനടുത്ത് അപേക്ഷകരാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞു.
എന്നാല്‍ പുല്‍വാമ ഭീകര ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കരുതെന്നാണ് പരക്കെ ഉയര്‍ന്നിരിക്കുന്ന ആവശ്യം. ഇന്ത്യ പാക്കിസ്ഥാനെ വിലക്കുവാന്‍ ഐസിസിയ്ക്ക് കത്ത് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും അത് വ്യാജമാണെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കി. പല മുന്‍ ഇന്ത്യന്‍ താരങ്ങളും മത്സരം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.