ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യക്ക് പരാജയം. 147 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 25 റൺസിനാണ് പരാജയപ്പെട്ടത്. നേരത്തെ തന്നെ പരമ്പര കൈവിട്ട ഇന്ത്യക്ക് ആശ്വാസ വിജയം പോലും ലഭിച്ചില്ല. ഇന്ത്യ ഒരു ഹോം ടെസ്റ്റ് പരമ്പരയിൽ തൂത്തുവാരപ്പെടുന്നത ഇതാദ്യമാണ്. 3-0നാണ് ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കിയത്.

147 എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. 29-5 എന്ന നിലയിൽ തുടക്കത്തിൽ തന്നെ പതറുന്ന ഇന്ത്യയെ ആണ് കാണാൻ ആയത്. 11 റൺസ് എടുത്ത രോഹിത് ശർമ്മ, 5 റൺസ് എടുത്ത ജയ്സ്വാൾ, ഗിൽ (1), കോഹ്ലി (1), സർഫറാസ് (1) എന്നിവർ പെട്ടെന്ന് തന്നെ കൂടാരം കയറി.
പന്തും ജഡേജയും ചേർന്ന് ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും 22 പന്തിൽ നിന്ന് 6 റൺസ് എടുത്ത് ജഡേജയും മടങ്ങി. ഇന്ത്യ ഇതോടെ 71-6 എന്നായി.
റിഷഭ് പന്ത് ആക്രമിച്ചു കളിച്ച് പെട്ടെന്ന് റൺസ് സ്കോർ ചെയ്തു. പന്ത് 57 പന്തിൽ 64 റൺസ് എടുത്താണ് പുറത്തായത്. 1 സിക്സും 9 ഫോറും പന്ത് അടിച്ചു. പന്ത് ഔട്ട് ആകുമ്പോൾ ഇന്ത്യക്ക് 41 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്.
വാഷിംഗ്ടൺ സുന്ദർ ഒരു വശത്ത് നിന്നെങ്കിലും 8 റൺസ് എടുത്ത അശ്വിൻ പുറത്തായത് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധൈയിൽ ആക്കി. തൊട്ടടുത്ത പന്തിൽ ആകാശ് ദീപും പുറത്തായി. ഇന്ത്യക്ക് പിന്നെ വേണ്ടത് 26 റൺസ്. കയ്യിൽ ഉള്ളത് ഒരു വിക്കറ്റും. അടുത്ത ഓവറിൽ വാഷിംഗ്ടൺ കൂടെ പുറത്തായതോടെ ന്യൂസിലൻഡ് ചരിത്രം കുറിച്ചു.
അജാസ് പട്ടേൽ ന്യൂസിലൻഡിനായി 6 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഗ്ലെൻ ഫിലിപ്സ് 3 വിക്കറ്റും മാറ്റ് ഹെൻറി ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 235 റൺസും രണ്ടാം ഇന്നിങ്സിൽ അവർ 174 റൺസും ആണ് എടുത്തിരുന്നത്. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 263 റൺസ് നേടി ലീഡ് എടുത്ത ശേഷമാണ് പരാജയപ്പെട്ടത്.