ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതകൾ ക്രിക്കറ്റ് ലോകകപ്പ് ഉയർത്തി. ഇന്ന് നടന്ന ഏകദിന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ആണ് ഇന്ത്യ കിരീടം ഉയർത്തിയത്. ഇന്ത്യ ഉയർത്തിയ 397 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 246 റൺസിന് ഓളൗട്ട് ആയി.

ലൗറ വോൾവ്ർഡറ്റും തസ്മിൻ ബ്രിറ്റ്സും ചേർന്ന് മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നൽകിയത്. എന്നാൽ സ്കോർ 51ൽ നിൽക്കെ തസ്മിനെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ട് ആക്കി അമഞ്ചോത് കൗർ ഇന്ത്യക്ക് പ്രതീക്ഷ നൽകി.
റൺ എടുക്കും മുമ്പ് അന്നെകെ ബോർഷൈനെ പൂർത്തിയാക്കി ശ്രീ ചരണി ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിൽ ആക്കി. ഇന്ന് ബാറ്റ് കൊണ്ട് തിളങ്ങിയ ഷഫാലിൽക് ബൗൾ നൽകി കൊണ്ട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നടത്തിയ നീക്കം വഴിത്തിരിവായി. 2 ഓവറിനിടയിൽ സുനെ ലൂസിനെയും മരിസനെ കാപ്പിനെയും ഷഫാലി പുറത്താക്കി.
പിന്നാലെ ജാഫ്തയെ ദീപ്തി ശർമ്മയും പുറത്താക്കി. വിക്കറ്റുകൾ വീഴുമ്പോഴും ഒരു വശത്ത് വോൾവ്ർഡറ്റ് ശക്തമായി നിലയുറച്ചു. രാധ യാദവിനെ തുടർച്ചയായി രണ്ട് സിക്സുകൾ പറത്തി ഡെർക്സനും വോൾവ്ർഡറ്റിനൊപ്പം ചേർന്നു. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് ആശങ്ക ഉയർത്തി.
അവസാനം ദീപ്തി ശർമ്മ ഈ കൂട്ടുകെട്ട് തകർത്തു. 101 റൺസ് എടുത്ത വോൾവ്ർഡാറ്റും പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ പോരാട്ടം അവസാനിച്ചു.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യൻ വനിതകൾ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസിന്റെ വെല്ലുവിളിയുയർത്തുന്ന സ്കോർ നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ, ഷഫാലി വർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും (78 പന്തിൽ 87 റൺസ്, 2 സിക്സും 7 ഫോറും) ദീപ്തി ശർമ്മയുടെ നിർണായകമായ റൺ-എ-ബോൾ 58 റൺസും ഇന്ത്യയ്ക്ക് കരുത്തായി.
ഓപ്പണിംഗിൽ സ്മൃതി മന്ദാന 45 റൺസെടുത്ത് മികച്ച തുടക്കം നൽകിയെങ്കിലും ക്ലോ ട്രയോണിന് മുന്നിൽ വീണു. ജെമീമ റോഡ്രിഗസ് 24 റൺസ് സംഭാവന നൽകി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 20 റൺസ് ചേർത്തെങ്കിലും നോൻകുലൂലെകോ മ്ലാബയുടെ ബൗളിംഗിൽ പുറത്തായി. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് 24 പന്തിൽ 34 റൺസെടുത്ത്, 3 ഫോറുകളും 2 സിക്സറുകളും സഹിതം സ്കോർ 300-നടുത്ത് എത്തിക്കാൻ സഹായിച്ചു.
12 വൈഡുകളും ഒരു നോ-ബോളും ഉൾപ്പെടെ 15 എക്സ്ട്രാ റൺസുകളും ടീമിന് ലഭിച്ചു.
ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരയിൽ, അയബോംഗ ഖാക്ക 9 ഓവറിൽ 58 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി ശ്രദ്ധേയയായി. നോൻകുലൂലെകോ മ്ലാബ, നദീൻ ഡി ക്ലാർക്ക്, ക്ലോ ട്രയോൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. എന്നാൽ, ഇന്ത്യൻ റൺസൊഴുക്ക് കാര്യക്ഷമമായി തടയാൻ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് കഴിഞ്ഞില്ല.














