യശസ്വി ജയ്സ്വാളിന്റെ മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 196-2 എന്ന നിലയിലാണ് ഉള്ളത്. ഇന്ത്യയുടെ ലീഡ് 322ൽ എത്തി. ജയ്സ്വാളിന്റെ തകർപ്പൻ സെഞ്ച്വറി ആണ് ഇന്ത്യക്ക് ബലമായത്. തുടക്കത്തിൽ മെല്ലെ കളിച്ച ജയ്സ്വാൾ പതിയെ ഗിയർ മാറ്റിയതോടെ റൺ ഒഴുകി. 133 പന്തിൽ 104 റൺസുമായി നിൽക്കെ പരിക്ക് കാരണം ജയ്സ്വാൾ റിട്ടയർ ചെയ്തു കളം വിട്ടു.
ജയ്സ്വാൾ 5 സിക്സും 9 ഫോറും അടിച്ചിട്ടുണ്ട്. താരത്തിന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഗിൽ 120 പന്തിൽ നിന്ന് 65 റൺസ് എടുത്തു ക്രീസിൽ നിൽക്കുന്നുണ്ട്. റൺ ഒന്നും എടുക്കാത്ത പടിദറിന്റെ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് അവസാനം തിരിച്ചടിയായി. 3 റൺസുമായി കുൽദീപും ക്രീസിൽ നിൽക്കുന്നു. 19 റൺസ് എടുത്ത രോഹിത് ശർമ്മയെയും നേരത്തെ ഇന്ത്യക്ക് നഷ്ടമായിരുന്നു.
നേരത്തെ ഇംഗ്ലണ്ടിനെ 319 റൺസിൽ എറിഞ്ഞിട്ട് ഇന്ത്യ 126 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഇന്ത്യക്ക് ആയി സിറാജ് നാലു വിക്കറ്റും കുൽദീപ്, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.