ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യൻ ടീമിന് പിഴ. മാച്ച് ഫീയുടെ 20 ശതമാനാണ് ഐ.സി.സി ഇന്ത്യക്ക് പിഴയിട്ടത്. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ത്യക്ക് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പിഴ ലഭിക്കുന്നത്. ഐ.സി.സി എലൈറ്റ് പാനൽ റഫറി ജവഗൽ ശ്രീനാഥാണ് ഇന്ത്യക്ക് പിഴയിട്ടത്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിലും ഒരു ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്. ഐ.സി.സി വിധിച്ച പിഴ ഇന്ത്യൻ ടീം അംഗീകരിച്ചതോടെ ഇന്ത്യ ഈ വിഷയത്തിൽ മാച്ച് റഫറിക്ക് മുൻപാകെ ഹാജരാവേണ്ടതില്ല. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. അർദ്ധ സെഞ്ച്വറികൾ നേടിയ വിരാട് കോഹ്‌ലിയുടെയും ഇഷാൻ കിഷന്റെയും മികവിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.