അലിസ്റ്റര്‍ കുക്കും മോയിന്‍ അലിയും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം പ്രതിരോധത്തിലായി ഇംഗ്ലണ്ട്. ഒന്നാം വിക്കറ്റില്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്സും ചേര്‍ന്ന് 60 റണ്‍സ് നേടിയ ശേഷം ജെന്നിംഗ്സിനെ(23) രവീന്ദ്ര ജഡേജ പുറത്താക്കിയ ശേഷം മത്സരത്തില്‍ ഇംഗ്ലണ്ട് കുതിയ്ക്കുകയായിരുന്നു. എന്നാല്‍ 71 റണ്‍സ് നേടിയ കുക്ക് പുറത്തായ ശേഷം ജോ റൂട്ടും ജോണി ബൈര്‍സ്റ്റോയും തുടര്‍ ഓവറുകളില്‍ പുറത്തായതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാവുകയായിരുന്നു.
133/1 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 134/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഒരു റണ്‍സ് എടുക്കുന്നതിനിടയില്‍ 3 വിക്കറ്റാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. 73 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി കുതിയ്ക്കുകയായിരുന്നു ഇംഗ്ലണ്ടിനെ തിരിച്ചടി നല്‍കിയത് ജസ്പ്രീത് ബുംറ ആയിരുന്നു. ഒരേ ഓവറില്‍ കുക്കിനെയും ജോ റൂട്ടിനെയും പുറത്താക്കിയ ബുംറയ്ക്ക് പിന്തുണയായി അടുത്ത ഓവറില്‍ ബൈര്‍സ്റ്റോയെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി.
അഞ്ചാം വിക്കറ്റില്‍ മോയിന്‍ അലി ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 37 റണ്‍സ് കൂടി നേടിയെങ്കിലും സ്റ്റോക്സിനെ(11) ജഡേജ മടക്കിയയ്ച്ചു. ഏറെ വൈകാതെ അര്‍ദ്ധ ശതകം തികച്ചയുടനെ മോയിന്‍ അലിയെയും(50) ഇംഗ്ലണ്ടിനു നഷ്ടമായി. ഇഷാന്ത് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. അതേ ഓവറില്‍ തന്നെ ഇംഗ്ലണ്ടിനു സാം കറനെയും നഷ്ടമായി.
ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 198/7 എന്ന നിലയിലാണ്. ജോസ് ബട്‍ലര്‍ (11*), ആദില്‍ റഷീദ്(4*) എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ മൂന്നും ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.