നാളെ ദുബായിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി പോരാട്ടത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിക്കും എന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ശക്തമായ സ്പിൻ ആക്രമണം അവർക്ക് കാര്യമായ മുൻതൂക്കം നൽകുമെന്ന് ഗാംഗുലി വിശ്വസിക്കുന്നു.

“പാകിസ്ഥാനെതിരെ മാത്രമല്ല,, ഈ ടൂർണമെന്റിൽ ആകെ ഇന്ത്യ ആണ് ഫേവറിറ്റുകൾ. പാകിസ്ഥാന് ഈ മത്സരം എളുപ്പമാകില്ല. സ്പിന്നർമാർ നിർണായക പങ്ക് വഹിക്കും. ഇന്ത്യ അതേ (ബൗളിംഗ്) കോമ്പിനേഷനുമായി ഇറങ്ങുമെന്ന് ഞാൻ കരുതുന്നു,” കൊൽക്കത്തയിൽ നടന്ന ഒരു പ്രമോഷണൽ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ ടീമിൽ സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ അഭാവം ഗാംഗുലി ചൂണ്ടിക്കാട്ടി, ഇത് ഒരു വലിയ പോരായ്മയായിരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. “ദുബായിലെ വിക്കറ്റിൽ അവർക്ക് സ്പിന്നർമാരെ ആവശ്യമുണ്ട്. ഈ ദുബായ് പിച്ച് ടേൺ ചെയ്യും എന്ന് ഞാൻ കരുതുന്നു, പാകിസ്ഥാൻ നന്നായി സ്പിൻ കളിക്കുന്നില്ല. ഇന്ത്യയ്ക്ക് മികച്ച സ്പിന്നർമാരുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ന്യൂസിലൻഡ് പാകിസ്ഥാനെ തോൽപ്പിച്ചു. അതിനാൽ, ന്യൂസിലൻഡ് മുന്നിലാണ്. ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചാൽ, പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താകും. അതിനാൽ, ഇന്ത്യയും ന്യൂസിലൻഡും ഈ ഗ്രൂപ്പിൽ നിന്ന് മുന്നേറും എന്ന് ഞാൻ കാണുന്നു,” അദ്ദേഹം പ്രവചിച്ചു.