2019 ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തുക ഇന്ത്യയും ഇംഗ്ലണ്ടെുമാവുമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഇന്ത്യ 1983, 2011 വര്‍ഷങ്ങളില്‍ കപ്പ് നേടിയപ്പോള്‍ ഇംഗ്ലണ്ട് ഫൈനലിലെത്തിയ മൂന്ന് വട്ടവും രണ്ടാം സ്ഥാനക്കാരായി അവസാനിക്കുകയായിരുന്നു. അടുത്തിടെയായി ഇന്ത്യ ഏകദിനങ്ങളില്‍ മികച്ച ഫോമിലാണ് കളിക്കുന്നതെങ്കില്‍ അതിനൊത്ത ഫോമിലാണ് ഇംഗ്ലണ്ട് കളിക്കുന്നത്.
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാണ്ട് എന്നീ ടീമുകളെ അവരുടെ നാട്ടില്‍ ഏകദിന പരമ്പരയില്‍ പരാജയപ്പെടുത്തി ഇന്ത്യ ഇംഗ്ലണ്ടിനോട് മാത്രമാണ് ഏകദിന പരമ്പര അടുത്തിടെ പരാജയപ്പെട്ടത്. അതേ സമയം 2015 ലോകകപ്പില്‍ നിന്നുള്ള ദയനീയ പുറത്താകലിനു ശേഷം ഇംഗ്ലണ്ട് പൂര്‍ണ്ണമായും വേറെ നിലയിലുള്ള പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.
ഇന്ത്യയും ഇംഗ്ലണ്ടും തന്നെയാവും തീര്‍ച്ചയായും ഫൈനലിലെത്തുക എന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി ഗവാസ്കര്‍ പറയുകയായിരുന്നു. ഇംഗ്ലണ്ട് 400നടുത്ത് സ്കോര്‍ നേടുവാന്‍ ശേഷിയുള്ള ടീമാണെങ്കിലും ഇന്ത്യയ്ക്കെതിരെ അതിനു സാധിക്കില്ലെന്നാണ് ഗവാസ്കര്‍ പറയുന്നത്. ജൂണ്‍ 30നു എഡ്ജ്ബാസ്റ്റണിലാണ് ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം.