ഓവലിൽ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി. മൂന്നാം ദിവസത്തെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 189/3 എന്ന നിലയിൽ ഇന്ത്യക്ക് 166 റൺസിൻ്റെ മികച്ച ലീഡുണ്ട്. യശസ്വി ജയ്‌സ്വാളിന്റെ (85)* ക്ലാസ്സ് പ്രകടനവും അപ്രതീക്ഷിതമായി ബാറ്റിങ് വിസ്മയം തീർത്ത ആകാശ് ദീപിന്റെ (66) തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്ക് മുൻതൂക്കം നൽകിയത്.

രാത്രി കാവൽക്കാരനായി ഇറങ്ങിയ ആകാശ് ദീപ് ഒരു ടോപ് ഓർഡർ ബാറ്റ്സ്മാനെപ്പോലെയാണ് കളിച്ചത്. 94 പന്തിൽ 12 ബൗണ്ടറികളടക്കം 66 റൺസ് നേടിയ ആകാശ് ദീപ് ഇംഗ്ലീഷ് ബൗളർമാരെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കി. ജയ്‌സ്വാളും ആകാശ് ദീപും ചേർന്ന് പടുത്തുയർത്തിയ 107 റൺസിൻ്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിന് വലിയ തലവേദനയായി.
സെഷന്റെ അവസാന നിമിഷങ്ങളിൽ ജാമി ഓവർട്ടൺ ആകാശ് ദീപിനെ പുറത്താക്കിയെങ്കിലും അപ്പോഴേക്കും ഇന്ത്യയുടെ ലീഡ് ഉയർന്നിരുന്നു. നിലവിൽ ശുഭ്മാൻ ഗിൽ (11)* യശസ്വി ജയ്‌സ്വാളിനൊപ്പം ക്രീസിലുണ്ട്.
ഇനി കരുൺ നായർ, ജഡേജ, ജൂറൽ, സുന്ദർ തുടങ്ങിയവർക്ക് ബാറ്റ് ചെയ്യാനുണ്ട്. അതിനാൽ ഇന്ത്യയ്ക്ക് വലിയ ലീഡ് നേടാൻ സാധ്യതയുണ്ട്.