ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് തകർപ്പൻ വിജയം. ഇന്ന് ഇംഗ്ലണ്ട് ഉയർത്തിയ 166 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ഓവറിലാണ് ജയിച്ചത്. 4 പന്ത് ശേഷിക്കെ 2 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ജയം നൽകിയത്.
ഇന്ത്യയുടെ ചെയ്സ് അത്ര എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഓപ്പണർമാരെ നഷ്ടമായി. 12 റൺസ് എടുത്ത അഭിഷേകിനെ മാർക്ക് വുഡും 5 റൺസ് എടുത്ത സഞ്ജു സാംസണെ ആർച്ചറും പുറത്താക്കി.
റൺസ് ഉയർത്താൻ ശ്രമിച്ച ക്യാപ്റ്റൻ സൂര്യകുമാർ 12 റൺസുമായി കളം വിട്ടു. തിലക് വർമ്മ ആക്രമിച്ചു കളിച്ചത് ഇന്ത്യയുടെ റൺ റേറ്റ് ചെയ്സിന് ഒത്തുയർത്താൻ സഹായിച്ചു. പക്ഷെ മറുവശത്ത് വിക്കറ്റ് പോകുന്നത് തുടർന്നു. 7 റൺസ് എടുത്ത് ഹാർദിക് പുറത്ത് പോയി. വാഷിങ്ടൺ സുന്ദർ 19 പന്തിൽ 26 റൺസ് എടുത്ത് മികച്ച സംഭാവന നൽകി.
വാഷിങ്ടണും അക്സറും പോയതോടെ തിലകിന് ഒപ്പം വാലറ്റം മാത്രമായി. അവസാന 5 ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 40 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. ബാക്കിയുള്ള 3 വിക്കറ്റും.
ആർച്ചർ എറിഞ്ഞ 16ആം ഓവറിൽ 19 റൺസ് വന്നു. ഇതോടെ ഇന്ത്യക്ക് 4 ഓവറിൽ 21 റൺസ് മതി എന്നായി. തിലക് വർമ്മ 55 പന്തിൽ നിന്ന് 72 റൺസ് ആണ് എടുത്തത്. 5 സിക്സും 3 ഫോറും തിലക് അടിച്ചു.
ആദിൽ റഷീദ് എറിഞ്ഞ 17ആം ഓവറിൽ 1 റൺ മാത്രമാണ് ഇന്ത്യ നേടിയത്. അർഷദീപിന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഇതോടെ 3 ഓവറിൽ ജയിക്കാൻ 20 റൺസ് എന്നായി. അടുത്ത ഓവറിൽ 7 റൺസ്. 2 ഓവറിൽ ജയിക്കാൻ 13 റൺസ്.
ലിവിങ്സ്റ്റൺസ് ചെയ്ത 19ആം ഓവറിൽ ആദ്യ 4 പന്തിൽ വന്നത് 3 റൺസ് മാത്രം. നാലാം പന്തിൽ രവി ബിഷ്ണോയൊയുടെ 4 കളി 7 പന്തിൽ നിന്ന് 6 എന്ന നിലയിലേക്ക് ആക്കി. അടുത്ത പന്തിൽ റൺ വന്നില്ല. അവസാന ഓവറിൽ ജയിക്കാൻ 6 റൺസ്.
ഓവർട്ടൺ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമ്മ 2 റൺസ് എടുത്തു. വേണ്ട റൺസ് 4 ആയി കുറഞ്ഞു രണ്ടാം പന്തിൽ ഫോർ അടിച്ച് തിലക് വർമ്മ ജയം ഉറപ്പിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 165/9 റൺസാണ് എടുത്തത്. 45 റൺസ് എടുത്ത ബട്ലർ ഇന്നും ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയി.
ഇന്ന് ആദ്യ ഓവറിൽ തന്നെ സാൾട്ടിനെ അർഷ്ദീപ് പുറത്താക്കി. അധികം വൈകാതെ 3 റൺസ് എടുത്ത ഡക്കറ്റിനെ വാഷിങ്ടൻ സുന്ദർ പുറത്താക്കി. 13 റൺസ് എടുത്ത ഹാരി ബ്രൂക്ക് രണ്ടാം മത്സരത്തിലും വരുൺ ചക്രവർത്തിക്കുന്നിൽ പുറത്തായി. 45 റൺ എടുത്ത ബട്ലർ അക്സറിന്റെ പന്തിൽ ഒരു സിക്സിന് ശ്രമിക്കവെ ആണ് പുറത്തായത്. ലിവിങ്സ്റ്റണും കൂറ്റനടിക്ക് ശ്രമിച്ച് അക്സറിന് വിക്കറ്റ് നൽകി.
22 റൺസ് എടുത്ത ജാമി സ്മിത്തിനെ അഭിഷേക് ശർമ്മയാണ് പുറത്താക്കിയത്. ഒവെർട്ടണെ വരുണും പുറത്താക്കി. പിന്നീട് ബ്രൈഡൻ കാർസന്റെ അറ്റാക്കിംഗ് ഇന്നിംഗ്സ് ഇംഗ്ലണ്ടിനെ മാന്യമായ സ്കോറിലേക്ക് എത്തിച്ചു. കാർസ് 17 പന്തിൽ നിന്ന് 32 റൺസ് എടുത്തു നിൽക്കെ റണ്ണൗട്ട് ആയി. അവസാനം റാഷിദും ആർച്ചറും ഇംഗ്ലണ്ടിനെ 160ന് മുകളിൽ എത്തിച്ചു.