നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 40-0 എന്ന നിലയിൽ. ഇനി ഇന്ത്യക്ക് ജയിക്കാൻ 152 റൺസ് കൂടെ ആണ് വേണ്ടത്. 192 എന്ന വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് ആയി ക്യാപ്റ്റൻ രോഹിത് ശർമ്മയും ജയ്സ്വാളും അറ്റാക്കിംഗ് തുടക്കമാണ് നൽകിയത്. ജയ്സ്വാൾ 21 പന്തിൽ 16 റൺസുമായും രോഹിത് 27 പന്തിൽ 24 റൺസുമായും ക്രീസിൽ നിൽക്കുന്നു.
നേരത്തെ ഇന്ത്യ ഇംഗ്ലണ്ടിനെ 145ന് ഓളൗട്ട് ആക്കിയിരുന്നു. ഇന്ത്യയുടെ സ്പിൻ ബൗളർമാരായ കുൽദീപും അശ്വിനും ആണ് ഇംഗ്ലണ്ടിനെ ഇത്ര ചെറിയ സ്കോറിന് എറിഞ്ഞിട്ടത്. കുൽദീപ് 4 വിക്കറ്റും അശ്വിൻ 5 വിക്കറ്റും ഇന്ത്യക്ക് ആയി നേടി.
നേരത്തെ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 307 റൺസിന് ഓളൗട്ട് ആയി 46 റൺസിന്റെ ആദ്യ ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ അശ്വിൻ ആണ് ആദ്യം വട്ടം കറക്കിയത്. 15 റൺസ് എടുത്ത ഡക്കറ്റും റൺ എടുക്കാതെ ഒലി പോപും അശ്വിന്റെ അടുത്തടുത്ത പന്തുകളിൽ പുറത്തായി.
അധികം വൈകാതെ 11 റൺസ് എടുത്ത റൂട്ടിനെയും അശ്വിൻ പുറത്താക്കി. ഇതായിരുന്നു ഇന്ത്യ ഏറ്റവും ആഗ്രഹിച്ച വിക്കറ്റ്. ഒരു വശത്ത് വിക്കറ്റ് പോകുമ്പോഴും സാക്ക് ക്രോലി ഇംഗ്ലണ്ടിനായി നന്നായി ബാറ്റു ചെയ്തു.
ക്രോലി 60 റൺസ് എടുത്ത് കുൽദീപിന്റെ പന്തിൽ പുറത്തായി. ബെയർ സ്റ്റോയെ ജഡേജയും പുറത്താക്കി. സ്റ്റോക്സ്, ഹാർട്ലി, റോബിൻസൺ എന്നിവരെയും കുൽദീപ് പുറത്താക്കി. അവസാനം ഫോക്സും ഷൊഹൈബ് ബഷീറും കൂടെ പ്രതിരോധം തീർക്കാൻ ശ്രമിച്ചു. ഫോക്സിനെ 17 റണ്ണിൽ നിൽക്കെ അശ്വിൻ പുറത്താക്കി. പിന്നാലെ ആൻഡേഴ്സണെയും പുറത്താക്കി അശ്വിൻ 5 വിക്കറ്റ് പൂർത്തിയാക്കി.