ബംഗ്ലാദേശിൽ വെച്ച് കളിക്കുമ്പോൾ മാത്രമാണ് ഇന്ത്യക്ക് ആരാധകരിൽ നിന്നുള്ള ഒരു തരത്തിലുള്ള പിന്തുണയും ലഭിക്കാതിരുന്നതെന്ന് ഇന്ത്യൻ താരം രോഹിത് ശർമ്മ. ബംഗ്ലാദേശ് ബാറ്റ്സ്മാൻ തമിം ഇഖ്ബാലുമായി ഫേസ്ബുക്കിൽ നടത്തിയ ലൈവ് ചാറ്റിംഗിലാണ് രോഹിത് ശർമ്മ ഇത് വെളിപ്പെടുത്തിയത്.
ലോകത്തിന്റെ മറ്റു ഏതൊരു കോണിൽ പോയി കളിച്ചാലും ഇന്ത്യക്ക് മികച്ച ആരാധക പിന്തുണ ഉണ്ടാവാറുണ്ടെന്നും എന്നാൽ ബംഗ്ലാദേശിൽ ഇന്ത്യക്ക് അത് ലഭിക്കാറില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. ഇന്ത്യയിലും ബംഗ്ലാദേശിലും ക്രിക്കറ്റിന് കടുത്ത ആരാധകർ ഉണ്ടെന്നും അത് കൊണ്ട് താരങ്ങൾ ചെറിയ തെറ്റുവരുത്തുമ്പോൾ എല്ലാ ഭാഗത്ത് നിന്നും വിമർശങ്ങൾ ഉയരുമെന്നും രോഹിത് ശർമ്മ പറഞ്ഞു.
ബംഗ്ളദേശിനെതിരെ കളിക്കുമ്പോൾ അവരുടെ ആരാധകർ എത്ര അത്യാവേശമുള്ളവരാണെന്ന് കാണാറുണ്ടെന്നും കാണികളുടെ പിന്തുണ ഇല്ലാതെ ഇന്ത്യ ഇങ്ങനെ കളിക്കാറില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. 2019ലെ ലോകകപ്പിൽ രോഹിത് ശർമ്മയുടെ ക്യാച്ച് താൻ വിട്ടുകളഞ്ഞപ്പോൾ തന്റെ ബംഗ്ലാദേശ് ആരാധകർ ട്രോൾ ചെയ്ത കാര്യം തമിം ഇഖ്‌ബാൽ രോഹിത് ശർമ്മയുമായി പങ്കുവെച്ചു. അന്ന് 9 റൺസ് എടുത്തു നിൽക്കെയാണ് രോഹിത് ശർമ്മയുടെ ക്യാച്ച് തമിം വിട്ടു കളഞ്ഞത്. തുടർന്ന് സെഞ്ചുറി നേടിയ രോഹിത് ഇന്ത്യക്ക് 28 റൺസിന്റെ ജയം നേടികൊടുത്തിരുന്നു.