ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. ഇന്ന് നാഗ്പൂരിൽ ഇന്ത്യ ഉയർത്തിയ 339 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 190/7 റൺസേ എടുക്കാൻ ആയുള്ളൂ. ഇന്ത്യ 48 റൺസിന്റെ ജയം സ്വന്തമാക്കി.

തുടക്കത്തിൽ തന്നെ കോൺവേയേയും (0) രചിൻ രവീന്ദ്രയെയും പുറത്താക്കാൻ ആയത് ഇന്ത്യക്ക് ഗുണമായി. ടിം റോബിൻസണും ഗ്ലൻ ഫിലിപ്സും ചേർന്ന് ന്യൂസിലൻഡിനെ മുന്നോട്ട് നയിച്ചെങ്കിലും അവർക്ക് വേണ്ടിയിരുന്ന റൺ റേറ്റിനൊപ്പം എത്താൻ ആയില്ല.റോബിൻസൺ 21 റൺസ് എടുത്തപ്പോൾ ഫിലിപ്സ് 40 പന്തിൽ 78 റൺസ് അടിച്ചു. ന്യൂസിലൻഡിനായി 39 റൺസ് എടുത്ത ചാപ്മാനും തിളങ്ങി. ഇന്ത്യക്ക് ആയി വരുൺ ചക്രവർത്തി 2 വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് ആണ് അടിച്ചു കൂട്ടിയത്. ഓപ്പണർ അഭിഷേക് ശർമ്മയുടെ മികച്ച ഇന്നിങ്സ് ആണ് ഇന്ത്യക്ക് കരുത്തായത്.

ഇന്ത്യ ഇന്ന് തുടക്കം മുതലെ ആക്രമിച്ചാണ് കളിച്ചത്. എന്നാൽ ഇന്ത്യക്ക് സഞ്ജുവിനെയും (10), ഇഷാൻ കിഷനെയും (8) പെട്ടെന്ന് നഷ്ടമായി. എന്നാൽ സൂര്യകുമാറിനെ കൂട്ടുപിടിച്ച് അഭിഷേക് ആക്രമണം തുടങ്ങി. സൂര്യകുമാർ 22 പന്തിൽ നിന്ന് 32 റൺസ് എടുത്ത് മികച്ച സംഭാവന നൽകി.
അഭിഷേക് 35 പന്തിൽ നിന്ന് 84 റൺസ് ആണ് എടുത്തത്. ഇതിൽ 8 സിക്സുകൾ ഉൾപ്പെടുന്നു. അവസാനം ഹാർദിക് പാണ്ഡ്യയും റിങ്കുവും കൂടെ ആക്രമിച്ചു കളിച്ചപ്പോൾ ഇന്ത്യ അനയാസം നല്ല സ്കോറിൽ എത്തി. ഹാർദിക് 16 പന്തിൽ 25 റൺസ് എടുത്തു.
റിങ്കു 20 പന്തിൽ 44 റൺസ് അടിച്ചു കൂട്ടി. മിച്ചൽ എറിഞ്ഞ അവസാന ഓവറിൽ റിങ്കു 21 റൺസ് അടിച്ചു.









