കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ഇനി കളിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഷോട്ട് കളിക്കുന്നതിനിടെ കഴുത്തിന് സംഭവിച്ച ഈ പരിക്ക് കാരണം താരത്തിന് കൊൽക്കത്ത ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ നിന്ന് ‘റിട്ടയേർഡ് ഹർട്ട്’ ആയി ഗില്ലിന് കളം വിടേണ്ടി വന്നിരുന്നു.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെങ്കിലും, നവംബർ 22-ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലും തുടർന്ന് വരുന്ന ഏകദിന പരമ്പരയിലും ഗില്ലിന്റെ പങ്കാളിത്തം സംശയത്തിലാണ്. ടീമിനൊപ്പം അദ്ദേഹം ഗുവാഹത്തിയിലേക്ക് യാത്ര ചെയ്യുമെന്ന് ബി.സി.സി.ഐ. സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാൽ കളിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം മത്സരത്തിന് തൊട്ടുമുമ്പ് എടുക്കും. പരമ്പരയിലെ ആദ്യ മത്സരം 30 റൺസിന് തോറ്റ ഇന്ത്യക്ക് തിരിച്ചുവരാൻ ഒരുങ്ങുമ്പോൾ, ഗിൽ കളിക്കുന്നില്ലെങ്കിൽ വിക്കറ്റ് കീപ്പർ-ബാറ്ററായ റിഷഭ് പന്ത് ടീമിനെ നയിക്കാൻ സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനങ്ങളും ടി20 കളും ഉൾപ്പെടെയുള്ള തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂൾ മുന്നിലുള്ളതിനാൽ താരത്തിന്റെ കാര്യത്തിൽ ടീം മാനേജ്‌മെന്റ് അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഏകദിന പരമ്പര നവംബർ 30-ന് റാഞ്ചിയിൽ ആരംഭിക്കും, തുടർന്ന് റായ്പൂരിലും വിശാഖപട്ടണത്തും മത്സരങ്ങളുണ്ട്. അതിനുശേഷം ഡിസംബർ പകുതി വരെ ടി20 പരമ്പരയും നീണ്ടുനിൽക്കും.














