ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 118 എന്ന വിജയ ലക്ഷ്യം ഇന്ത്യ 16ആം ഓവറിലേക്ക് മറികടന്നു. തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മ 18 പന്തിൽ 35 റൺസ് അടിച്ച് ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അഭിഷേക് 3 സിക്സും 3 ഫോറും അടിച്ചു.
ഇതിനു ശേഷം ശുഭ്മൻ ഗില്ലും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ അനായാസം ജയത്തിൽ എത്തിച്ചു. ഗിൽ 28 പന്തിൽ 28 റൺസും തിലക് 34’പന്തിൽ 26 റൺസും എടുത്തു. ഗില്ലിനെയും സൂര്യകുമറിന്റെയും (12) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായെങ്കിൽ അവർക്ക് സമ്മർദ്ദം ഇല്ലാതെ ജയത്തിൽ എത്താൻ ആയി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിൽ എത്തി.
ഇന്ന് ധരംശാലയിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 117 റൺസിന് ഓളൗട്ട് ആയി. തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ പതറി.
ആദ്യ ഓവറിൽ തന്നെ അർഷദീപ് ദക്ഷിണാഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്സിനെ പുറത്താക്കി. അടുത്ത ഓവറുകളിൽ ഹർഷിത് റാണ ഡി കോക്കിനെയും ബ്രെവിസിനെയും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക 7-3 എന്ന നിലയിൽ തകർന്നു.
ഹാർദിക് പാണ്ഡ്യ, ശിവം ദൂബെ എന്നുവരും അവരുടെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി 2 വിക്കറ്റ് കൂടെ വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്കൻ തകർച്ച പൂർത്തിയായി. ദക്ഷിണാഫ്രിക്കക്ക് ആയി 45 പന്തിൽ 61 റൺസ് എടുത്ത മാക്രം ടോപ് സ്കോറർ ആയി. അർഷ്ദീപ് ആണ് മാക്രത്തെ പുറത്താക്കിയത്.