ശ്രീലങ്കയിൽ നടക്കുന്ന വനിതാ ത്രിരാഷ്ട്ര പരമ്പര 2025 ലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിതകളെ 15 റൺസിന് തോൽപ്പിച്ച് ഇന്ത്യൻ വനിതകൾ മികച്ച വിജയം നേടി. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ യുവതാരം പ്രതിക റാവൽ ബാറ്റിംഗിലും സ്നേഹ റാണ ബൗളിംഗിലും തിളങ്ങി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് നേടി. പ്രതിക റാവൽ 91 പന്തിൽ 7 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 78 റൺസുമായി ഇന്നിംഗ്സിന് അടിത്തറയിട്ടു. ഓപ്പണർ സ്മൃതി മന്ഥാന (36), ഹർലീൻ ഡിയോൾ (29) എന്നിവരും മികച്ച പിന്തുണ നൽകി. അവസാന ഓവറുകളിൽ ജെമീമ റോഡ്രിഗസ് (32 പന്തിൽ 41), റിച്ച ഘോഷ് (14 പന്തിൽ 24) എന്നിവരുടെ തകർപ്പൻ ബാറ്റിംഗ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചു. ദക്ഷിണാഫ്രിക്കൻ ബൗളർമാരിൽ നോൺകുലുലെക്കോ മ്ലാബ 55 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് ക്യാപ്റ്റൻ ലോറ വോൾവാർട്ട് (43), മികച്ച ഫോമിലുള്ള ടാസ്മിൻ ബ്രിറ്റ്സ് (107 പന്തിൽ 109) എന്നിവരുടെ 140 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇന്ത്യൻ ബൗളർമാർ കളിയിലേക്ക് തിരിച്ചുവന്നു.
സ്നേഹ റാണ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയെ തകർത്തു. 10 ഓവറിൽ 43 റൺസ് വഴങ്ങി 5 വിക്കറ്റുകളാണ് താരം നേടിയത്. അവസാന ഓവറുകളിൽ അന്നേരി ഡെർക്‌സെൻ (20 പന്തിൽ 30) നടത്തിയ വെടിക്കെട്ട് പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ നൽകിയെങ്കിലും അവർ 49.2 ഓവറിൽ 261 റൺസിന് ഓൾഔട്ടായി.