പിങ്ക്ബോൾ ടെസ്റ്റിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയൻ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ ആറ് വിക്കറ്റിന് തോൽപ്പിച്ചു. 240 റൺസ് പിന്തുടർന്ന ഇന്ത്യ 43ആം ഓവറിൽ തന്നെ ലക്ഷ്യം മറികടന്നു. എങ്കിലും സന്നാഹ മത്സരമായതിനാൽ ഇന്ത്യ മുഴുവൻ ഓവറും ബാറ്റു ചെയ്തു.
ഇന്ത്യക്ക് ആയി ഇന്ന് രാഹുലും ജയ്സ്വാളുമാണ് ഓപ്പൺ ചെയ്തത്. ജയ്സ്വാൾ 45 റൺസ് എടുത്ത് പുറത്തായപ്പോൾ രാഹുൽ 27ൽ നിൽക്കെ റിട്ടയർ ചെയ്തു. 50 റൺസ് എടുത്ത ഗില്ലും റിട്ടയർ ചെയ്യുകയാണ് ഉണ്ടായത്. 3 റൺസ് എടുത്ത് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രമാണ് ബാറ്റർമാരിൽ നിരാശപ്പെടുത്തിയത്.
നിതീഷ് റെഡ്ഡി 32 പന്തിൽ നിന്ന് 42 റൺസും വാഷിങ്ടൺ സുന്ദർ 36 പന്തിൽ നിന്ന് 42 റൺസും എടുത്തു.
ഇന്ന് ആദ്യം 97 പന്തിൽ 107 റൺസെടുത്ത സാം കോൺസ്റ്റസിൻ്റെ മിന്നുന്ന പ്രകടനത്തിൽ ആതിഥേയർ 43.2 ഓവറിൽ 240 റൺസെടുത്തു. ആദ്യം ദ്വിദിന മത്സരമായി നിശ്ചയിച്ചിരുന്ന മത്സരം മഴ മൂലം ആദ്യ ദിനം ഉപേക്ഷിച്ചതിനെ തുടർന്ന് ഏകദിന മത്സരമാക്കി മാറ്റുകയായിരുന്നു.
44 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണ ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി. ആറ് പന്തുകൾക്ക് ഇടയിലാണ് ഹർഷിതിന്റെ ഈ നാലു വിക്കറ്റുകൾ വന്നത്. ആകാശ് ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ്, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
കോൺസ്റ്റാസിനെ കൂടാതെ, ഹാനോ ജേക്കബ്സ് 60 പന്തിൽ 61 റൺസ് നേടി പിഎം ഇലവനെ നല്ല സ്‌കോറിലേക്ക് നയിച്ചു.