ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കേണ്ട ടി20 പരമ്പര ഉപേക്ഷിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. കൊറോണ വൈറസ് ബാധയെ തുടർന്ന് ക്രിക്കറ്റ് കലണ്ടറിൽ വന്ന മാറ്റങ്ങളാണ് പരമ്പര ഉപേക്ഷിക്കാനുള്ള നീക്കത്തിലേക്ക് എത്തിയത്.
ഓസ്ട്രേലിയയിൽ ഈ വർഷം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് മുൻപായി ഇന്ത്യ ഏകദിന പരമ്പരയും ടി20 പരമ്പരയും കളിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയെ തുടർന്ന് ഇതിൽ ഏതെങ്കിലും ഒരു പരമ്പര ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടി20 ലോകകപ്പ് മുൻപിൽ കണ്ടുകൊണ്ടാണ് ടി20 പരമ്പര ഉൾപ്പെടുത്തിയതെന്നും അതുകൊണ്ട് ടി20 ലോകകപ്പ് ഉപേക്ഷിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ട് ടി20 പരമ്പരയും ഉപേക്ഷിച്ചേക്കുമെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ടി20 ലോകകപ്പ് റദ്ദാക്കുകയാണെങ്കിൽ ആ സമയത്ത് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്താൻ വേണ്ടിയാണ് ടി20 പരമ്പര ഉപേക്ഷിക്കുന്നത്. ഡിസംബർ 3ന് തുടങ്ങേണ്ട പരമ്പര ഒരാഴ്ചത്തേക്ക് നീട്ടാനും സാധ്യതയുണ്ട്. നേരത്തെ ഓസ്‌ട്രേലിയൻ പരമ്പരക്ക് പോവുന്ന ഇന്ത്യൻ ടീമിന്റെ ക്വറന്റൈൻ കാലാവധി ചുരുക്കുമെന്ന് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു. കൂടാതെ താരങ്ങൾ ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതിന് മുൻപ് 2 കൊറോണ ടെസ്റ്റും ഓസ്ട്രേലിയയിൽ എത്തിയതിന് ശേഷം 2 കൊറോണ ടെസ്റ്റും നടത്തുകയും ചെയ്യും.