ഗാബ ടെസ്റ്റിൽ മത്സരം നാലാം ദിവസത്തിൽ ഇന്ത്യ ഫോളോ ഓൺ ഒഴിവാക്കി. അവസാന വിക്കറ്റിൽ ആകാശ് ദീപും ബുമ്രയും ചേർന്നാണ് ഇന്ത്യയെ ഫോളോ ഓൺ ഭീഷണിയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും ചേർന്ന് അവസാന വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 252-9 എന്ന നിലയിലാണ് ഇപ്പോൾ. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 445ന് 193 റൺസ് പിറകിലാണ് ഇന്ത്യ.
രോഹിത് ശർമ്മ വെറും 10 റൺസ് എടുത്ത് കമ്മിൻസിന്റെ പന്തിൽ പുറത്തായി. കെ എൽ രാഹുൽ നന്നായി ബാറ്റു ചെയ്തു എങ്കിലും 84 റൺസ് എടുത്ത് നിൽക്കെ ലിയോണിന്റെ പന്തിൽ സ്മിത്തിന്റെ ഒരു മികച്ച ക്യാച്ചിൽ ഔട്ടായി.
ജഡേജയും നിതീഷ് റെഡ്ഡിയും ഇന്ത്യയെ പതിയെ മുന്നോട്ട് നയിച്ചു. എന്നാൽ നിതീഷിനെ 16 റൺസ് എടുത്ത് നിൽക്കെ കമ്മിൻസ് ബൗൾഡ് ആക്കി. ജഡേജ വാലറ്റവുമായി പൊരുതി ഫോളോ ഓൺ ഒഴിവാക്കാൻ നോക്കി. എന്നാൽ കമ്മിൻസ് ജഡേജയെയും പുറത്താക്കി.
123 പന്തിൽ നിന്ന് 77 റൺസാണ് ജഡേജ എടുത്തത്. 7 ഫോറും ഒരു സിക്സും താരം അടിച്ചു. ഇതിനു ശേഷം ബുമ്രയും ആകാശ് ദീപും കൂടെ പൊരുതി. അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 39 റൺസിന്റെ കൂട്ടുകെട്ട് പടുത്തു. ആകാശ് 27 റൺസും ബുമ്ര 10 റൺസും എടുത്തു. ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് 4 വിക്കറ്റുമായി തിളങ്ങി. സ്റ്റാർക്ക് 3 വിക്കറ്റും ഹേസിൽവുഡും ലിയോണും ഒരോ വിക്കറ്റും വീഴ്ത്തി.