ഓസ്ട്രേലിയക്ക് എതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. ഇന്ന് ടെസ്റ്റിന്റെ അഞ്ചാം ദിനം അവസാന സെഷനിൽ ആണ് ഇന്ത്യ പരാജയം വഴങ്ങിയത്. ഇന്ത്യക്ക് ആയി ജയ്സ്വാൾ ഒറ്റയാൾ പോരാട്ടം നടത്തി എങ്കിലും ഫലമുണ്ടായില്ല. ഇന്ത്യ ആകെ 155 റൺസ് ആണ് എടുത്തത്. ഓസ്ട്രേലിയ ഉയർത്തിയ വിജയ ലക്ഷ്യത്തിന് 185 റൺസ് കുറവായിരുന്നു ഇത്.
ഇന്ന് നാലാം ഇന്നിംഗ്സ് വളരെ മോശം രീതിയിലാണ് ഇന്ത്യ ആരംഭിച്ചത്. 33 റൺസ് എടുക്കെ തന്നെ ഇന്ത്യയുടെ മൂന്ന് മുൻനിര താരങ്ങൾ കൂടാരം കയറി. രോഹിത് ശർമ്മ (9), രാഹുൽ (0), കോഹ്ലി (5) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഇതിനു ശേഷം പന്തും ജയ്സ്വാളും ചേർന്ന് ഇന്ത്യയെ രണ്ടാം സെഷനിൽ വിക്കറ്റ് പോകാതെ കാത്തു.
എന്നാൽ അവസാന സെഷനിൽ ഒരു അനാവശ്യ ഷോട്ട് കളിച്ച് പന്ത് തന്റെ വിക്കറ്റ് കളഞ്ഞു. 30 റൺസ് ആണ് പന്ത് എടുത്തത്. പിന്നാലെ 2 റൺസ് എടുത്ത ജഡേജയും 1 റൺ മാത്രം എടുത്ത് നിതീഷ് റെഡ്ഡിയും കളം വിട്ടു.
ജയ്സ്വാൾ അപ്പോഴും ഒരു ഭാഗത്ത് തുടരുന്നുണ്ടായിരുന്നു. ജയ്സ്വാൾ 208 പന്തിൽ 84 റൺസ് എടുത്തു. ജയ്സ്വാൾ ആകെ 8 ഫോർ അടിച്ചു. ജയ്സ്വാൾ പോയതോടെ കാര്യങ്ങൾ പരുങ്ങലിലായി. പിന്നാലെ ആകാശ് ദീപ് 7 റൺസ് എടുത്ത് പുറത്തായി. പിന്നെ 15 ഓവറും 2 വിക്കറ്റുമായിരുന്നു ബാക്കി. 12 ഓവർ ശേഷിക്കെ ഓസ്ട്രേലിയ ഇന്ത്യയെ എറിഞ്ഞിട്ട് വിജയം സ്വന്തമാക്കി.
ഈ വിജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-1ന് മുന്നിൽ എത്തി. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന പ്രതീക്ഷയും ഇതോടെ അവസാനിച്ചു.