ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ പൊരുതുന്നു. നാലാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ 164-3 എന്ന നിലയിലണ്. ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വെച്ച 444 എന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഇപ്പോഴും 279 പിറകിലാണ്. അവസാനം ദിവസം ഇന്ത്യക്ക് ജയിക്കാൻ 280 റൺസും ഓസ്ട്രേലിയക്ക് ജയിക്കാൻ 7 വിക്കറ്റും ആണ് വേണ്ടത്.
ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ന് ലഭിച്ചത്. ഗില്ലും രോഹിത് ശർമ്മയും ആക്രമമാണ് മികച്ച പ്രതിരോധം എന്ന നിലയിൽ കളി തുടങ്ങി.41 റണ്ണിൽ നിൽക്കെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർന്നു. ബോളണ്ടിന്റെ പന്തിൽ 19 പന്തിൽ 18 റൺസുമായി ഗിൽ മടങ്ങി. അതിനു ശേഷം പൂജാരയും രോഹിത് ശർമ്മയും സ്കോർ ഉയർത്താൻ ശ്രമിച്ചു. 92 റണ്ണിൽ നിൽക്കെ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് വീണു. 43 റൺസ് എടുത്താണ് ക്യാപ്റ്റൻ പുറത്തായത്. പിന്നാലെ 27 റൺസ് എടുത്ത പൂജാരയും പുറത്ത് ആയി.
പിന്നെ കോഹ്ലിയും രഹാനെയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടു പോയി. കോഹ്ലി 39 റൺസുമായും രഹാനെ 20 റൺസുമായി ക്രീസിൽ നിൽക്കുന്നു.
നേരത്തെ ഓസീസ് അവരുടെ രണ്ടാം ഇന്നിങ്സ് 270-8 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 443 റൺസിന്റെ ലീഡാണ് അവർ നേടിയത്. ഇന്ന് 201/6 എന്ന നിലയിൽ ലഞ്ചിന് ശേഷം കളി ആരംഭിച്ച ഓസ്ട്രേലിയ ആക്രമിച്ചു തന്നെ കളിച്ചു. 41 റൺസ് എടുത്ത സ്റ്റാർകും 5 റൺസ് എടുത്ത കമ്മിൻസും കൂടെ പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 66 റൺസുമായി കാരി പുറത്താകാതെ നിന്നു.
ഇന്ന് ആദ്യ സെഷനിൽ മത്സരം ആരംഭിച്ച് മൂന്നാം ഓവറിൽ ഉമേഷ് യാദവ് ഇന്ത്യക്ക് പ്രതീക്ഷ നൽകി കൊണ്ട് ലബുഷാനെയെ പുറത്താക്കി. 126 പന്തിൽ നിന്ന് 41 റൺസുമായാണ് ലബുഷാനെ ക്രീസ് വിട്ടത്.
25 റൺസ് എടുത്ത ഗ്രീനിന്റെ വിക്കറ്റ് ആണ് പിന്നെ വീണത്. ജഡേജയ്ക്ക് ആയിരുന്നു വിക്കറ്റ്. ജഡേജയുടെ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. ഷമി, ഉമേഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.