ബെംഗളൂരു: ഐസിസി വനിതാ ലോകകപ്പ് 2025-ന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യക്ക് തിരിച്ചടിയായി പേസ് ബൗളിംഗ് ഓൾറൗണ്ടർ അരുന്ധതി റെഡ്ഡിയുടെ പരിക്ക്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേറ്റത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് അടിച്ച ഷോട്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടെ റെഡ്ഡിയുടെ കാൽമുട്ടിൽ കൊള്ളുകയായിരുന്നു. വേദനയെ തുടർന്ന് നിലത്ത് വീണ താരത്തെ പിന്നീട് വീൽച്ചെയറിലാണ് ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്.

പരിക്കിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. അതിനാൽ, സെപ്റ്റംബർ 30-ന് ഗുവാഹത്തിയിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. 27-കാരിയായ റെഡ്ഡി ഇന്ത്യൻ സീം ബൗളിംഗ് നിരയിലെ പ്രധാന താരമാണ്. 2024-ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച റെഡ്ഡിയുടെ ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്. സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ ആമി ജോൺസിന്റെ വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്.
റെഡ്ഡിയുടെ പരിക്ക് ഗുരുതരമാണെങ്കിൽ, ഇന്ത്യക്ക് തിരിച്ചടിയാകും. നേരത്തെ, കാൽമുട്ടിന് പരിക്കേറ്റ യസ്തിക ഭാട്ടിയ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു.