ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്‌സിൽ 358 റൺസ് നേടി. ഇംഗ്ലണ്ട് ടോസ് നേടി ബാറ്റിങ്ങിന് അയച്ച ഇന്ത്യക്ക് തുടക്കത്തിൽ ചില തിരിച്ചടികൾ നേരിട്ടെങ്കിലും, യുവതാരങ്ങളുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും മികച്ച പ്രകടനങ്ങളിലൂടെ ഒരു മികച്ച സ്കോർ കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് ആയി.

യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നൽകി, ഇംഗ്ലീഷ് ബൗളർമാരുടെ സ്വിങ്ങിനെയും ബൗൺസിനെയും ഫലപ്രദമായി നേരിട്ടു. ജയ്‌സ്വാൾ 10 ഫോറുകളും ഒരു സിക്സും സഹിതം 58 റൺസ് നേടി ലിയാം ഡോസണ് വിക്കറ്റ് സമ്മാനിച്ചു. രാഹുൽ 98 പന്തിൽ 46 റൺസെടുത്ത് ക്ഷമയോടെ ബാറ്റ് ചെയ്തു. സായ് സുദർശൻ 151 പന്തിൽ 61 റൺസെടുത്ത് സമ്മർദ്ദത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്നിംഗ്സിന് അടിത്തറ പാകി.
ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 12 റൺസിന് പുറത്തായെങ്കിലും, റിഷഭ് പന്ത് 75 പന്തിൽ 54 റൺസ് നേടി ആക്രമണാത്മക ബാറ്റിംഗിലൂടെ ഇന്നിംഗ്‌സിന് വേഗത കൂട്ടി. മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം ഇംഗ്ലീഷ് ബൗളർമാരെ അദ്ദേഹം സമ്മർദ്ദത്തിലാക്കി. പരിക്കുമായാണ് അവസാനം പന്ത് കളിച്ചത്.
ഷാർദുൽ താക്കൂർ (41), വാഷിംഗ്ടൺ സുന്ദർ (27) എന്നിവർ വാലറ്റത്ത് നിർണ്ണായക റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ ചെറിയ തകർച്ചകളിൽ നിന്ന് കരകയറ്റി സ്കോർ 350 കടത്തി.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 24 ഓവറിൽ 72 റൺസിന് 5 വിക്കറ്റ് വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. ജോഫ്ര ആർച്ചർ 3 വിക്കറ്റ് നേടിയപ്പോൾ, ലിയാം ഡോസണും ക്രിസ് വോക്സും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.