ഇന്ത്യ എ – ഇംഗ്ലണ്ട് ലയൺസ് രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് വിജയം. ഗ്രീൻഫീൽഡിൽ നടന്ന മത്സരത്തിൽ 138 റൺസിനാണ് ഇന്ത്യൻ ടീം വിജയം കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഉയർത്തിയ 303 എന്ന സ്കോറിന് മറുപടി ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് ലയൺസ് വെറും 165 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിജയത്തോടെ ഇന്ത്യ 2-0നു പരമ്പരയിൽ മുന്നിൽ എത്തി.
ഇന്ത്യയുടെ 303 എന്ന സ്‌കോർ പിന്തുടർന്ന ഇംഗ്ലണ്ടിനെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പിടിച്ചു കെട്ടുകയായിരുന്നു. 25 റണ്സിനിടെ തന്നെ ആദ്യ വിക്കറ്റു നഷ്ടമായ ഇംഗ്ലണ്ട് പിന്നീട് തകർച്ചയിൽ നിന്നും കരകയിറിയില്ല. അലക്സ് ഡേവിസിനും സാക് ചാപ്പലിനും മാത്രമേ ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി മായങ്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്‌സർ പട്ടേലും ശാർദൂലും രണ്ടു വിക്കറ്റുകൾ വീതം നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തിൽ 303 റണ്‍സ് എന്ന വലിയ സ്കോര്‍ നേടുകയായിരുന്നു. ഹനുമ വിഹാരി 92 റണ്‍സ് നേടി പുറത്തായപ്പോള്‍ രഹാനെയുടെ സംഭാവന 91 റണ്‍സായിരുന്നു. ഇരുവരും പുറത്തായ ശേഷം ശ്രേയസ്സ് അയ്യരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 47 പന്തില്‍ നിന്ന് അയ്യര്‍ 65 റണ്‍സ് നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ലൂയിസ് ഗ്രിഗറിയും സാക് ചാപ്പലും രണ്ടു വിക്കറ്റുകൾ വീതം വീഴിത്തിയിരുന്നു.