ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച. അജിങ്ക്യ രഹാനെയുടെ ശതകത്തിന്റെയും ചേതേശ്വര്‍ പുജാര നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ 237 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ ഒന്നാം ദിവസം നേടിയത്.
ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ പൃഥ്വി ഷായും ശുഭ്മന്‍ ഗില്ലും അക്കൗണ്ട് തുറക്കാതെ മടങ്ങിയ ശേഷം ഹനുമ വിഹാരിയും(15) വേഗത്തില്‍ പുറത്തായപ്പോള്‍ ഇന്ത്യയെ മുന്നോട്ട് നയിച്ചത് നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും ചേര്‍ന്നാണ്.
ഇരുവരും ചേര്‍ന്ന് 76 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. 54 റണ്‍സ് നേടിയ പുജാരയെ പുറത്താക്കി ജെയിംസ് പാറ്റിന്‍സണ്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീട് വൃദ്ധിമന്‍ സാഹയെയും രവിചന്ദ്രന്‍ അശ്വിനെയും നഷ്ടമായ ഇന്ത്യ 128/6 എന്ന നിലയിലേക്ക് വീണുവെങ്കിലും രഹാനെയ്ക്ക് കൂട്ടായി കുല്‍ദീപ് യാദവ് നിലയുറപ്പിച്ചപ്പോള്‍ അര്‍ദ്ധ ശതക കൂട്ടുകെട്ട് നേടുവാന്‍ ഈ സഖ്യത്തിന് സാധിച്ചു.
15 റണ്‍സ് നേടിയ കുല്‍ദീപ് വീണതോടെ ഏഴാം വിക്കറ്റിലെ 69 റണ്‍സ് കൂട്ടുകെട്ടിന് അവസാനമാകുകയായിരുന്നു. രഹാനെയ്ക്കൊപ്പം ഉമേഷ് യാദവും മികച്ച രീതിയില്‍ അതിവേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ എട്ടാം വിക്കറ്റില്‍ ഇന്ത്യ 38 റണ്‍സ് കൂടി നേടി. ഉമേഷ് യാദവ് 18 പന്തില്‍ നിന്ന് 24 റണ്‍സ് നേടി ഒന്നാം ദിവസം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് പുറത്താകുകയായിരുന്നു.
അജിങ്ക്യ രഹാനെ 108 റണ്‍സ് നേടിയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് സിറാജുമാണ് ആദ്യ ദിവസം സ്റ്റംപ്സിന് ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 237/8 എന്ന നിലയിലാണ്. ഓസ്ട്രേലിയ എയ്ക്കായി ജെയിംസ് പാറ്റിന്‍സണ്‍ മൂന്ന് വിക്കറ്റ് നേടി. മൈക്കല്‍ നേസര്‍, ട്രാവിസ് ഹെഡ് എന്നിവര്‍ ഓസ്ട്രേലിയ എ യ്ക്കായി രണ്ട് വിക്കറ്റ് നേടി.