ന്യൂ ചണ്ഡീഗഡിലെ മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 ഐ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കക്ക് 213 റൺസ്. ക്വിന്റൺ ഡി കോക്ക് 46 പന്തിൽ 90 റൺസ് നേടി ഇന്നിംഗ്‌സിന് അടിത്തറയിട്ടു. അഞ്ച് ഫോറുകളും ഏഴ് സിക്‌സറുകളും ഉൾപ്പെട്ടതാണ് താരത്തിന്റെ പ്രകടനം.
16-ാം ഓവറിൽ 156/3 എന്ന നിലയിൽ നിൽക്കെ ജിതേഷ് ശർമ്മയുടെ സ്റ്റമ്പിംഗിലൂടെയാണ് താരം പുറത്തായത്.
റീസ ഹെൻഡ്രിക്സ് 10 പന്തിൽ എട്ട് റൺസ് നേടി വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി പുറത്തായി. എയ്ഡൻ മാർക്രം ഒരു ഫോറും രണ്ട് സിക്സറുകളും സഹിതം 26 പന്തിൽ 29 റൺസ് നേടി ഡി കോക്കിനൊപ്പം നിർണായകമായ 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 121/2 എന്ന നിലയിൽ അക്സർ പട്ടേലിന്റെ ക്യാച്ചിൽ മാർക്രം ചക്രവർത്തിക്ക് മുന്നിൽ വീണു.
ഡെവാൾഡ് ബ്രെവിസ് 10 പന്തിൽ 14 റൺസ് നേടിയ ശേഷം 160/4 എന്ന നിലയിൽ നിൽക്കെ തിലക് വർമ്മയുടെ ക്യാച്ചിൽ അക്സർ പട്ടേലിന് വിക്കറ്റ് നൽകി മടങ്ങി. തുടർന്ന് ഡോണോവൻ ഫെരേര (16 പന്തിൽ 30) ഡേവിഡ് മില്ലർ (12 പന്തിൽ 20) എന്നിവർ തകരാത്ത 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഫെരേരയുടെ മൂന്ന് സിക്‌സറുകളും മില്ലറുടെ പ്രകടനവും ദക്ഷിണാഫ്രിക്കയെ 213/4 എന്ന ശക്തമായ സ്കോറിലെത്തിച്ചു.
ഉയർന്ന സ്കോറിംഗിന് സാധ്യതയുള്ള പിച്ചിൽ ഇന്ത്യൻ ബൗളർമാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവർ നാല് ഓവറിൽ യഥാക്രമം 54 ഉം 45 ഉം റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാതെ പോയി. വരുൺ ചക്രവർത്തി 2/29 എന്ന മികച്ച പ്രകടനം കാഴ്ചവെച്ചു. അക്സർ പട്ടേൽ 1/27 നേടി.









