ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ ഓള്‍ഔട്ട് ആക്കാനാകാതെ നാലാം ദിവസം അവസാനിപ്പിച്ച് ഇന്ത്യ. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 228/9 എന്ന നിലയിലാണ്. ടീമിന്റെ കൈവശം 333 റൺസ് ലീഡാണുള്ളത്. ഇന്ന് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 369 റൺസിൽ അവസാനിക്കുകയായിരുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 91/6 എന്ന നിലയിലേക്ക് വീണുവെങ്കിലും മാര്‍നസ് ലാബൂഷാനെ – പാറ്റ് കമ്മിന്‍സ് കൂട്ടുകെട്ട് പൊരുതി നിന്ന് ടീമിനെ 148 റൺസിലേക്ക് എത്തിച്ചു. ലാബൂഷാനെ 70 റൺസ് നേടി പുറത്തായപ്പോള്‍ പാറ്റ് കമ്മിന്‍സ് 41 റൺസ് നേടി പുറത്തായി.
ഓസ്ട്രേലിയ 173/9 എന്ന നിലയിലായെങ്കിലും അവസാന വിക്കറ്റ് നേടുവാന്‍ ഇന്ത്യന്‍ ബൗളിംഗിന് സാധിക്കാതെ പോയത് ടീമിന് വലിയ തിരിച്ചടിയായി മാറുകയാണ്. ഓസ്ട്രേലിയയുടെ പത്താം വിക്കറ്റ് കൂട്ടുകെട്ട് ഇതുവരെ 55 റൺസാണ് നേടിയിട്ടുള്ളത്. നഥാന്‍ ലയൺ 41 റൺസും സ്കോട്ട് ബോളണ്ട് 10 റൺസും നേടി ക്രീസിൽ നിൽക്കുന്നു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലും മൊഹമ്മദ് സിറാജ് മൂന്നും വിക്കറ്റ് നേടി.